ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊറോണ സ്ഥിരീകരിച്ചു
കൊറോണ ഭീതി തുടരുന്ന ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍സണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ നിലയില്‍ ആശങ്കയില്ലെന്നും ഐസൊലേഷനില്‍ കഴിയുകയാണെന്നും അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു.
‘‘കഴിഞ്ഞ 24 മണിക്കൂറുകളായി എനിക്ക് ചില രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കൊവിഡ് 19 ടെസ്റ്റ് എനിക്ക് പോസിറ്റീവാണ്. ഞാനിപ്പോള്‍ സ്വയം ഐസൊലേഷനിലാണ്. പക്ഷേ, വീഡീയോ കോണ്‍ഫറസുകളിലൂടെ സര്‍ക്കാര്‍ സംവിധാനങ്ങളെ നയിക്കും.”- ട്വീറ്റില്‍ അദ്ദേഹം പറയുന്നു.
വ്യാഴാഴ്ച ജനപ്രതിനിധിസഭയിലെ ചോദ്യോത്തരവേളയില്‍ പങ്കെടുത്തതിനു ശേഷമാണ് ബോറിസിനു രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതെന്ന് വക്താവ് അറിയിച്ചു.തുടര്‍ന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു.
എലിസബത്ത് രാജ്ഞി മാര്‍ച്ച് 11 ന് ബോറിസ് ജോണ്‍സനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രാജ്ഞിയുടെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഉചിതമായ എല്ലാ ഉപദേശങ്ങളും പാലിക്കുകയാണെന്ന് ബക്കിംഗ്ഹാം പാലസ് വ്യക്തമാക്കി.
എത്രപേര്‍ പ്രധാനമന്ത്രിയുമായി അടുത്തിടപഴകിയെന്ന് വ്യക്തമല്ല. അടുത്ത ദിവസങ്ങളിലും ആഴ്ചകളിലും പലരും ജോണ്‍സണുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അതിനാല്‍ എത്ര സ്റ്റാഫുകളും മുതിര്‍ന്ന മന്ത്രിമാരും ഐസൊലേഷനില്‍ കഴിയേണ്ടി വരുമെന്ന് വ്യക്തമല്ല.