ഓസ്ട്രിയ കോവിഡ് മരണം 58 ആയി: രോഗികളുടെ എണ്ണം 7000 കവിഞ്ഞു
വിയന്ന: ഓസ്ട്രിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം ഏഴായിരം കവിഞ്ഞു. ഇന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണ സംഖ്യ 58 ആയി. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഇന്നും നിരവധി കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കുറയുന്നു എന്ന് കരുതിയ വ്യാപനം ക്രമാതീതമായി മാറി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് 19 രോഗികളുടെ എണ്ണം 7029 ആയി.
വിയന്ന, ലോവര്‍ ഓസ്ട്രിയ, സ്റ്റയര്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ യഥാക്രമം 16, 13, 13 പേരും, ബുര്‍ഗന്‍ലാന്‍ഡിലും കരിന്ത്യയിലും 2 പേര്‍ വീതവും, അപ്പര്‍ ഓസ്ട്രിയ യില്‍ 4 പേരും, തിരോളില്‍ 6 പേരും, സാല്‍സ്ബുര്‍ഗിലും, ഫോറാള്‍ബെര്‍ഗിലും ഓരോരുത്തരുമാണ് മരിച്ചത്.
മാര്‍ച്ച് 27ന് രാവിലെ ലഭിക്കുന്ന കണക്കുകള്‍ അനുസരിച്ച് തിറോള്‍ (1,694), അപ്പര്‍ ഓസ്ട്രിയ (1,168), ലോവര്‍ ഓസ്ട്രിയ (1,031), വിയന്ന (922), സ്റ്റയര്‍മാര്‍ക്ക് (753), സാല്‍സ്ബുര്‍ഗ് (680), ഫോറാര്‍ബര്‍ഗ് (473), കരിന്തിയ (191), ബുര്‍ഗന്‍ലാന്‍ഡ് (117) എന്നിങ്ങനെയാണ്. അടുത്ത ഒരു മാസത്തില്‍ രാജ്യത്ത് വൈറസ് വ്യാപനം അതിന്റെ പാരമ്യത്തിലെത്തുമെന്നാണ് സൂചന. ഓസ്ട്രിയയില്‍ ഇതുവരെ മരിച്ചവരും, സുഖം പ്രാപിച്ചവരും ഉള്‍പ്പെടെ എല്ലാ രോഗികളുടെയും ആകെ എണ്ണം 7317 ആയി.
ഓസ്ട്രിയയില്‍ ആശുപത്രി രോഗികളുടെയും (237 മുതല്‍ 547 വരെ) തീവ്രപരിചരണ രോഗികളുടെയും എണ്ണം (26 മുതല്‍ 96 വരെ) പെട്ടെന്ന് ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുടര്‍ നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ഇടക്കാല റിപ്പോര്‍ട്ട് വെള്ളിയാഴ്ച അവതരിപ്പിക്കും. പുതിയ നടപടികളൊന്നും പ്രഖ്യാപിക്കില്ലെന്ന് ആരോഗ്യമന്ത്രി റുഡോള്‍ഫ് അന്‍ഷോബര്‍ (ഗ്രീന്‍സ്) പറഞ്ഞു.
നിലവിലെ നടപടികള്‍ രാജ്യത്ത് എല്ലായിടത്തും ഏപ്രില്‍ 13 വരെ തുടരും. രാജ്യം അതീവ ശ്രദ്ധയോടെ കാര്യങ്ങള്‍ വിലയിരുത്തി വരികയാണ്. എപ്പിഡെമിക് ആക്റ്റ് അനുസരിച്ച് പരിശോധിച്ചതും സാധൂകരിച്ചതുമായ ഡാറ്റ മാത്രമാണ് വാര്‍ത്തകളുടെ ഉറവിടമായി കണക്കാക്കുന്നത്. ജില്ലാ ഭരണാധികാരികളാണ് വിവരങ്ങള്‍ നല്‍കുന്നത്.
ഹോട്ട് ലൈന്‍:ജനങ്ങള്‍ക്ക് കൊറോണ വൈറസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും, പൊതുവായ യാത്ര, ജോലി മുതലായ കാര്യങ്ങളില്‍ വിവരങ്ങള്‍ ലഭിക്കാനും 0800 555 621 എന്ന നമ്പറിലും ടെലിഫോണിലൂടെ ആരോഗ്യ ഉപദേശം വേണമെങ്കില്‍ 1450 എന്ന നമ്പറിലും വിളിക്കുക.