എച്ച് 1 ബി വീസയുള്ളരുടെ ജോലി നഷ്ടപ്പെട്ടാല്‍ തൊഴിലില്ലായ്മ വേതനം ലഭിക്കില്ല

പി.പി.ചെറിയാന്‍

വാഷിങ്ടന്‍: കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് കമ്പനികളും വ്യവസായ കേന്ദ്രങ്ങളും അടച്ചിട്ടതിനാല്‍ തൊഴില്‍ നഷ്ടപ്പെട്ട എച്ച് 1 ബി വീസക്കാര്‍ക്ക് തൊഴിലില്ലായ്മ വേതനത്തിന് അര്‍ഹതയുണ്ടായിരിക്കില്ല എന്നു ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ്. ഒരാഴ്ചയ്ക്കുള്ളില്‍ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുന്നവരുടെ സംഖ്യ 21,000ത്തില്‍ നിന്നും 2,81,000 ത്തില്‍ എത്തിയതായി ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരിയില്‍ നിലവിലുള്ള 3.5 അണ്‍ എപ്ലോയ്മെന്റ് റേറ്റ് വരും മാസങ്ങളില്‍ ഇരട്ടിയാകുമെന്നും ഇവര്‍ക്കെല്ലാം തൊഴിലില്ലായ്മ വേതനം നല്‍കുക സാധ്യമല്ലെന്നും പറയുന്നു. സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം നീങ്ങുന്നതോടെ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം പ്രവചനാതിതമാകും. തൊഴില്‍ നഷ്ടപ്പെടുന്ന എച്ച് 1 ബി വീസയ്ക്കുള്ളവര്‍ക്ക് ഭാവിയില്‍ ജോലി ചെയ്യാനാകില്ലെന്നും അതുകൊണ്ടുതന്നെ അവര്‍ക്ക് തൊഴിലില്ലായ്മ വേതനത്തിനു അര്‍ഹതയുണ്ടാവില്ലെന്നും ഇന്ത്യന്‍ അമേരിക്കന്‍ ഇഗസ്ട്രേഷന്‍ അറ്റോര്‍ണി സൈറസ് മേത്ത പറഞ്ഞു. എച്ച് 1 ബി ജോലിക്കാരുടെ ലീഗല്‍ സ്റ്റാറ്റസ് ജോലി നഷ്ടപ്പെടുന്നതോടെ ഇല്ലാതാകുമെന്നും മേത്ത പറഞ്ഞു. എന്നാല്‍ എച്ച് 4 വിസയുള്ളവര്‍ക്ക് തൊഴിലില്ലായ്മ വേതനത്തിനപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെന്നും മേത്ത പറഞ്ഞു. ഇപ്പോള്‍ നിലവിലുള്ള നിയമമനുസരിച്ച് എച്ച് 1 വീസയുള്ളവര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ 60 ദിവസത്തിനകം രാജ്യം വിടണമെന്നാണ് നിയമം അനുശാസിക്കുന്നത്.