മാനവരാശിക്ക് ഭീഷണിയായ മഹാമാരികള്‍ : പ്ലേഗ് അഥവാ കറുത്ത മരണം


ബി എന്‍ ഷജീര്‍ ഷാ
കൊറോണ ഭീഷണിയില്‍ ലോകം കഴിയുന്ന കാലമാണ് ഇത്. ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ ഉടലെടുത്ത ഈ മഹാമാരി ഇതുവരെ ലോകത്തിലെ 165 രാജ്യങ്ങളില്‍ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇതുവരെ ഇരുപത്തി അയ്യായിരത്തില്‍ കൂടുതല്‍ ആളുകള്‍ ഈ വൈറസ് കാരണം കൊല്ലപ്പെട്ടു. Coronavirus disease 2019 (COVID-19) എന്ന ഈ മഹാമാരി അമേരിക്ക , ഇറ്റലി, ഇറാന്‍ , സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ ജനജിവിതം ദുഷ്‌ക്കരമാക്കിക്കഴിഞ്ഞു.

നമ്മുടെ രാജ്യവും കൊച്ചു കേരളവും ഇപ്പോള്‍ ഈ വൈറസിന്റെ ഭീഷണിയിലാണ്. 130 കോടി ജനങ്ങള്‍ കഴിഞ്ഞ അഞ്ചു ദിവസമായി പുറം ലോകവുമായി ബന്ധം ഇല്ലാതെ വീടുകളില്‍ കഴിയുകയാണ്. എല്ലാം നേടി എന്ന് കരുതുന്ന മനുഷ്യകുലത്തിനു എക്കാലവും ഭീഷണിയാണ് ഇത്തരത്തില്‍ ഉള്ള പകര്‍ച്ചവ്യാധികള്‍. ചന്ദ്രനില്‍ പോലും കാലുകുത്തി എന്ന് അവകാശപ്പെടുന്ന കൃത്രിമമായി കാറ്റും മഴയും എല്ലാം ഉണ്ടാക്കുവാന്‍ കഴിവുള്ള മനുഷ്യന്‍ എന്നാല്‍ എക്കാലവും ഇത്തരത്തിലുള്ള മഹാമാരികള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്നതാണ് ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണുവാന്‍ സാധിക്കുക. അത്തരത്തില്‍ മനുഷ്യരാശിക്ക് തന്നെ ഭീഷണിയായ മഹാമാരികളുടെ പരമ്പരയാണ് ഇത്.

പ്ലേഗ് അഥവാ The Black Death : Bubonic Plague (കറുത്ത മരണം)

ഒരു ജന്തുജന്യ രോഗമാണ്(Zoonoses) പ്ലേഗ്. യെഴ്‌സീനിയ പെസ്ടിസ് (Yersenia pestis ) എന്ന ബാക്ടീരിയ, എലി, എലിച്ചെള്ള് എന്നിവയാണ് മാരകമായ ഈ പകര്‍ച്ച രോഗത്തിന് കാരണക്കാര്‍. ഈ ബാക്ടീരിയ മുഖ്യമായും എലിച്ചെള്ളിലും , തുടര്‍ന്ന് എലിയിലും,മനുഷ്യരിലും പ്ലേഗ് ഉണ്ടാക്കുന്നു. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ തന്നെ പ്ലേഗ് മൂന്നു പ്രാവശ്യം പടര്‍ന്നു പിടിച്ചിട്ടുണ്ട്.

ജസ്റ്റെനിയന്‍ (Justinian) പ്ലേഗ് എന്നറിയപ്പെടുന്ന – ക്രിസ്തബ്ദതിന്റെ തുടക്കത്തില്‍ അനേകായിരങ്ങളെ കൊന്നൊടുക്കിക്കൊണ്ട് 0542-ഇല്‍ തുടങ്ങിയ വന്‍ മഹാമാരി (great pandemic) – 100 ദശലക്ഷം പേരെയും, 1346-ല്‍ ആരംഭിച്ച്, മൂന്നു ശതാബ്ദം നീണ്ടു നിന്ന മഹാമാരി 50 ദശലക്ഷം പേരെയും വക വരുത്തി. മൂന്നാമത്തേത് 1894-ഇല്‍ ആരംഭിച്ച് 1930 വരെ നീണ്ടു നിന്നു. 1950-ഇല്‍ 40,484 മരണങ്ങള്‍ ഉണ്ടായപ്പോള്‍ 1984-ഇല്‍ 3,037 മരണങ്ങളായി കുറഞ്ഞു. 2001-ല്‍ 175 മരണങ്ങള്‍ മാത്രമേ ഉണ്ടായുള്ളൂ.

ചരിത്രാതീത കാലങ്ങളെക്കുറിച്ചുള്ള സൂചകങ്ങളായി പരിഗണിക്കുന്ന മതഗ്രന്ഥങ്ങളിലും ഇതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വരുന്നു. പ്ലേഗ് എന്ന പകര്‍ച്ചവ്യാധിയെക്കുറിച്ച് വേദപുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചത്ത എലികളെ കണ്ടാല്‍ ഉടന്‍ തന്നെ താമസ സ്ഥലം ഉപേക്ഷിക്കണം എന്ന് ഭാഗവതത്തില്‍ ഉപദേശിക്കുന്നതും ഇതിനോടനുബന്ധിച്ചായിട്ടാണ് കരുതപ്പെടുന്നത്.

ദക്ഷിണ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍, പ്ലേഗിന്റെ പ്രകൃതിജന്യ ഉറവിടമായ എലികള്‍ , സ്രാങ്ക് തുടങ്ങി കരണ്ട് തിന്നുന്ന പല വന്യ ജീവികളിലും ഈ രോഗം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് . കരണ്ട് തിന്നുന്ന വന്യ ജീവി ആയ ടാട്ടെര ഇന്‍ഡിക (Tatera indica ) ആണ് ഇന്ത്യയില്‍ ഈ രോഗത്തിന്റെ സംഭരണികള്‍. ( Reservoir of infection ). അതിനാല്‍ പ്ലേഗ് നിരീക്ഷണ നിയന്ത്രണ നടപടികളില്‍ അലംഭാവം പാടില്ല. അവസാനത്തെ പ്ലേഗ് ശ്രീലങ്കയില്‍ 1938 ലും, തായിലണ്ടില്‍ 1952 ലും, നേപ്പാളില്‍ 1968 ലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്ത്യയില്‍ 2002 ലും.

പതിറ്റാണ്ടുകളുടെ നിശ്ശബ്ദതയ്ക്ക് ശേഷം, 1994 സെപ്തംബറില്‍ ഗുജറാത്തിലെ തീരദേശ പട്ടണമായ സൂററ്റില്‍ പ്ലേഗ് പൊട്ടിപ്പടരുകയുണ്ടായി. ദല്‍ഹി ,മുംബൈ , കല്‍ക്കട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും 4780 കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ , 167 കേസ്സുകള്‍ സ്ഥിരീകരിക്കപ്പെടുകയും 57 മരണങ്ങളും ഉണ്ടായി. ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം അവസാനമായി റിപ്പോര്‍ട്ട് ചെയ്ത 16 കേസുകളും 4 മരണങ്ങളും , ഹിമാചല്‍ പ്രദേശിലെ സിംല ജില്ലയില്‍പ്പെട്ട ഹാറ്റ് കൊടി (Hat Koti ) ഗ്രാമത്തില്‍ നിന്നും 19 ഫെബ്രുവരി 2002 ല് ആയിരുന്നു.

പ്ലേഗ് ബാധിച്ച എലിച്ചെള്ള് (Rat flea) കടിക്കുകയോ, രോഗിയുമായുള്ള സമ്പര്‍ക്കം കൊണ്ടോ ,അപൂര്‍വമായി ശ്വസിക്കുന്നതിലൂടെയോ , രോഗബാധയുള്ള സാധനങ്ങള്‍ ഉള്ളില്‍ ചെന്നോ ആണ് മനുഷ്യര്‍ക്കും ചെറു മൃഗങ്ങള്‍ക്കും ഇടയില്‍ ഈ രോഗം പകരുന്നത് . ഒരു സ്ഥലത്ത് പ്ലേഗ് ബാധ ഉണ്ടായാല്‍ ആദ്യം ചത്ത് വീഴുന്നത് എലികളായിരിക്കും. ചത്ത എലികളെ ഉപേക്ഷിച്ച് , എലിച്ചെള്ളുകള്‍ രക്തം കുടിക്കാനായി മനുഷ്യരെ കടിക്കും. ഒരേ സമയം അനേകര്‍ക്ക് രോഗബാധ ഉണ്ടാകും. വളരെ ഗുരുതരം ആയേക്കാവുന്ന ഈ രോഗം തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മരണം സംഭവിക്കാം. ചികിത്സിച്ചില്ലെങ്കില്‍ രോഗ മരണ നിരക്ക് (case fatality rate ) മുപ്പതു മുതല്‍ അറുപതു ശതമാനം ആണ്. ഇതുവരെ 80 മുതല്‍ 100 മില്യന്‍ ജനങ്ങളാണ് ഈ മഹാമാരി കാരണം ജീവന്‍ വെടിഞ്ഞിട്ടുള്ളത്.

ഫ്രാന്‍സിലെ അലെക്‌സാണ്ടെര്‍ യെര്‌സിന്‍ (Alexandre Yersin ), ജപ്പാനിലെ ഷിബസബുരോ കിടസാടോ (Shibasaburo Kitasato) എന്നിവര്‍ 1894 ല് ഹോങ്കോങ്ങില്‍ വച്ചാണ് ഈ ബാക്ടീരിയയെ തിരിച്ചറിഞ്ഞത് . എലിച്ചെള്ള് ആണ് രോഗവാഹക കീടം (Vector ), എന്ന് ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ആയ പൌള്‍-ലൌഇസ് സൈമോണ്ട് (Paul-Louis Simond ) ആയിരുന്നു. 1898 ല്‍ ആണ് അദ്ദേഹം ഇത് കണ്ടെത്തിയത്.

എന്നാല്‍ ഇപ്പോള്‍ പ്ലേഗ് പടര്‍ന്നു പിടിക്കുവാനുള്ള ഒരു സാഹചര്യം അല്ല നിലവില്‍. അതിനെതിരെ ഉള്ള വാക്‌സിന്‍ കണ്ടു പിടിച്ചത് മരണനിരക്ക് കുറയ്ക്കുവാന്‍ ഏറെ സഹായകമായിട്ടുണ്ട്. 2010 നും 2017 നും ഇടയ്ക്ക് 5596 പ്ലേഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മടഗാസ്‌ക്കാര്‍ , കോങ്‌ഗോ , പെറു തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 786 പേരാണ് മരണപ്പെട്ടത്. അതിനു ശേഷം ഇപ്പോഴും ലോകത്ത് പല ഇടങ്ങളില്‍ പ്ലേഗ് കാരണമുള്ള മരണങ്ങള്‍ സംഭവിക്കുന്നുണ്ട് എങ്കിലും ഒരു മഹാവിപത്ത് എന്ന നിലയില്‍ അവയെ തടയുവാന്‍ വൈദ്യശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ട്.

തുടരും…