ഏത്തമിടീപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
ലോക്ക് ഡൗണ്‍ ലംഘിച്ചു പുറത്തിറങ്ങിയ ആളുകളെക്കൊണ്ട് എസ് പി യതീഷ് ചന്ദ്ര ഏത്തമിടീപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം ഡിജിപി അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം.
അതേസമയം, യതീഷ് ചന്ദ്രയുടെ നടപടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചു. അത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ യശസിനെ പ്രതികൂലമായി ബാധിക്കുന്നതാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരണം നേടി. ഐജിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ഡിജിപി പറഞ്ഞു. എസ് പി യതീഷ് ചന്ദ്രയുടേത് ശരിയായ നടപടിയല്ലെന്നും ഡിജിപി പറഞ്ഞു.
കണ്ണൂര്‍ അഴീക്കലിലായിരുന്നു വിവാദ സംഭവം നടന്നത്. ലോക്ക് ഡൗണിനിടെ കൂട്ടം കൂടി നിന്ന ആളുകളെക്കൊണ്ട് യതീഷ് ചന്ദ്ര ഏത്തമിടീപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറല്‍ ആയിരുന്നു. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ അനുസരിക്കാത്തതിനാണ് ഏത്തമിടീപ്പിച്ചതെന്നായിരുന്നു യതീഷ് ചന്ദ്രയുടെ വിശദീകരണം.