അര്‍ക്കന്‍സാസ് ചര്‍ച്ചില്‍ പങ്കെടുത്ത 36 പേര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ്
പി.പി. ചെറിയാന്‍
അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസ് ഗ്രീര്‍ ഫെറി ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചില്‍ മാര്‍ച്ച് ആദ്യവാരം നടന്ന ഒരു പ്രത്യേക പരിപാടിയില്‍ പങ്കെടുത്ത 36ല്‍ പരം പേര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയതായി ചര്‍ച്ചിലെ ഡീക്കന്‍ ഡൊണാള്‍ഡ് ഷിപ്പ് മാധ്യമങ്ങളോട് സംസാരിക്കവെ വെളിപ്പെടുത്തി. ലിറ്റില്‍ റോക്കില്‍ നിന്നും 75 മൈല്‍ വടക്ക് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഗ്രീര്‍ ഫെറി. അര്‍ക്കന്‍സാസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് വക്താവ് ഡാനിയേലി മക്നീല്‍ വാര്‍ത്ത സ്ഥിരീകരിച്ചു.
അര്‍ക്കന്‍സാസ് സംസ്ഥാനത്ത് മാര്‍ച്ച് 26 വ്യാഴാഴ്ച രാവിലെ വരെ 310 കൊറോണ വൈറസ് രോഗികളും രണ്ടു മരണവും നടന്നതായും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. അസുഖബാധിതര്‍ എല്ലാവരും ചര്‍ച്ചിലെ അംഗങ്ങളാണെന്നും എന്നാല്‍ വൈറസ് കടന്നു കൂടിയതു പള്ളിയില്‍ നിന്നാണോ എന്ന് പരിശോധിച്ചു വരികയാണെന്നും ഡാനിയേലി അറിയിച്ചു.
കഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചകളായി ദേവാലയങ്ങളിലെ ആരാധനകള്‍ എല്ലാം മുടങ്ങി കിടക്കുകയാണ്. നോമ്പുകാലത്തെ പ്രത്യേക പ്രാര്‍ഥനകള്‍ ഓഡിയോ വിഡിയോ വഴിയാണ് നടക്കുന്നത്. ഈസ്റ്ററിനെങ്കിലും പള്ളിയില്‍ ആരാധന പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റിരിക്കുകയാണ്. അനുദിനം അമേരിക്കയില്‍ വൈറസ് കണ്ടെത്തുന്നവരുടെ എണ്ണവും മരണവും വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്.
ഫെഡറല്‍ സംസ്ഥാന ലോക്കല്‍ ഗവണ്‍മെന്റുകള്‍ ഇതിനെതിരെ ശക്തമായി പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവരുന്നു.