നാട്ടുകാരെ ഏത്തമിടിച്ച സംഭവം ; യതീഷ് ചന്ദ്രയോട് വിശദീകരണം തേടി ഡി.ജി.പി
ലോക് ഡൌണ്‍ നിര്‍ദേശം ലംഘിച്ചവരെ ഏത്തമിടീച്ച സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയോട് ഡി.ജി.പി വിശദീകരണം തേടി. കണ്ണൂര്‍ അഴീക്കലില്‍ ഉണ്ടായ സംഭവത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിശദീകരണം തേടിയത്.
ഇതാദ്യമായാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പോലീസ് പരസ്യശിക്ഷ നടപ്പാക്കിയത്. കണ്ണൂര്‍ അഴീക്കലില്‍ കടയുടെ മുന്നില്‍ കൂട്ടം കൂടി നിന്നവര്‍ക്കാണ് എസ്പി ഏത്തമിടീക്കല്‍ ശിക്ഷ നല്‍കിയത്. സര്‍ക്കാര്‍ പറഞ്ഞു, പ്രധാനമന്ത്രി പറഞ്ഞു, മുഖ്യമന്ത്രി പറഞ്ഞു എന്നിട്ടും നിങ്ങളെന്തിനാണ് കൂട്ടം കൂടുന്നത് എന്ന് ചോദിച്ചാണ് എസ്.പി ഇവരോട് ഏത്തമിടാന്‍ പറഞ്ഞത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
പൊലീസനെ കണ്ടതോടെ ചിലര്‍ ഓടിരക്ഷപ്പെട്ടു. ബാക്കിയുണ്ടായിരുന്നവരെയാണ് ഏത്തമിടീപ്പിച്ചത്. പറഞ്ഞത് അതുപോലെ മടികൂടാതെ അവര്‍ അനുസരിക്കുകയും ചെയ്തു. ഞാന്‍ ഇനി നിര്‍ദേശങ്ങള്‍ ലംഘിക്കില്ല, ആരോഗ്യവകുപ്പ് പറയുന്നത് കേട്ട് വീട്ടിലിരുന്നോളാം എന്നും ഇവരെ കൊണ്ട് എഴുതി വാങ്ങിച്ചതിന് ശേഷമാണ് പൊലീസ് വിട്ടയച്ചത്. മുട്ടുമടക്കി നന്നായി ഏത്തമിടാന്‍ ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍ ഇവരോട് പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം.
ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ ജാമ്യമുള്ള വകുപ്പ് പ്രകാരമാണ് കേസെടുക്കുന്നത്. നൂറോളം കേസുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു. കേസെടുക്കുന്നതിലോ പിടിച്ച് ജയിലില്‍ ഇടുന്നതിലോ അല്ല കാര്യമെന്നും യതീഷ് ചന്ദ്ര പറഞ്ഞു. കൊറോണ വ്യാപിക്കാതിരിക്കുക എന്നതിനാണ് ശ്രദ്ധ കൊടുക്കേണ്ടതെന്നും യതീഷ് ചന്ദ്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനം ഉയരുന്നിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള യാതൊരു നടപടികളും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെയും ഇത്തരത്തിലുള്ള സമീപനം പൊലീസ് സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടിയത്.