കൊറോണ ; കേരളത്തിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു

കൊറോണ ബാധ കാരണം കേരളത്തിലെ ആദ്യ മരണം കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന കൊച്ചി സ്വദേശി മരിച്ചു. 69 വയസായിരുന്നു. ഫോര്‍ട്ടുകൊച്ചി ചുള്ളിക്കല്‍ സ്വദേശി കളമശേരി മെഡിക്കല്‍ കോളജിലാണ് മരിച്ചത്.

കടുത്ത നിമോണിയയും ശ്വാസതടയവുമാണ് മരണകാരണം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ബൈപ്പാസ് ശസ്ത്രക്രിയയും കഴിഞ്ഞതാണ്. ദുബായിലായിരുന്ന ഇദ്ദേഹം മാര്‍ച്ച് 21നാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ശ്രവം പരിശോധനയ്ക്ക് അയക്കുകയും പരിശോധനാ ഫലത്തില്‍ കൊറോണ പോസിറ്റീവ് ആവുകയും ചെയ്തു. കൊറോണ ലക്ഷണങ്ങള്‍ കണ്ട് ദിവസങ്ങള്‍ക്കകമാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ദുബായി-കൊച്ചി വിമാനത്തില്‍ ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്തവര്‍ നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം കൊറോണ വൈറസ് ബാധിതരായി രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 900 ആയി. കേരളത്തില്‍ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ ആകെ മരിച്ചവരുടെ എണ്ണം 20 ആയി.

ആരോഗ്യ കുടുംബ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരമാണിത്. 78 പേരാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്. ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 180 പേര്‍ക്കാണ് ഇതുവരെ മഹാരാഷ്ട്രയില്‍ രോഗ0 സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയ്ക്ക് ശേഷം കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. 176 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. അതേസമയം 25 പേര്‍ മഹാരാഷ്ട്രയിലും 11 പേര്‍ കേരളത്തിലും രോഗമുക്തി നേടിയെന്നതും ശ്രദ്ധേയമാണ്.