തൊഴിലാളികളുടെ കൂട്ട പലായനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വന്തം പൗരന്മാരോട് ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണിത് എന്നാണ് രാഹുല്‍ പ്രതികരിച്ചത്. തൊഴിലാളികള്‍ക്ക് സ്വദേശങ്ങളില്‍ എത്താനുള്ള സൗകര്യം ചെയ്തു കൊടുക്കാത്തതാണ് രാഹുലിന്റെ വിമര്‍ശനത്തിന് പിന്നില്‍. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ഈ ദുരിതത്തിന്റെ സമയത്ത് നമ്മുടെ സഹോദരീ സഹോദരന്‍മാരുടെ ആത്മാഭിമാനമെങ്കിലും സംരക്ഷിക്കേണ്ടതുണ്ട്. ഇത് വളരെ മോശം അവസ്ഥയിലേക്ക് എത്തുന്നതിന് മുമ്പേ സര്‍ക്കാര്‍ വളരെ വേഗത്തില്‍ ഇടപെടേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് ഡെല്‍ഹിയില്‍നിന്ന് തൊഴിലാളികള്‍ അവരുടെ നാടുകളിലേക്ക് മടങ്ങുകയാണ്. മിക്കവാറും ഉത്തരേന്ത്യന്‍ നഗരങ്ങളിലൊക്കെ ഈ അവസ്ഥയാണ്.

കൊറോണ ബാധയെ തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആയിരക്കണക്കിന് തൊഴിലാളികള്‍ സ്വദേശത്തെക്ക് മടങ്ങാന്‍ തുടങ്ങിയത്. ട്രെയിന്‍ ബസ് എന്നിവ ഓടാത്തത് കാരണം സ്ത്രീകളും കുട്ടികളും അടക്കം കാല്‍ നടയായി ആണ് സഞ്ചരിക്കുന്നത്.
ദല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂരില്‍ ആയിരക്കണക്കിന് മനുഷ്യര്‍ തടിച്ചു കൂടിയതിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടികളും വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. തൊഴിലാളികളെ അവരവരുടെ സ്വദേശങ്ങളിലേക്ക് എത്തിക്കാന്‍ 1000 ബസുകള്‍ ഏര്‍പ്പാട് ചെയ്തതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് ഭക്ഷണം നല്‍കാനുള്ള സംവിധാനങ്ങളും നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ആരും ഡെല്‍ഹി വിട്ട് പോകേണ്ട കാര്യമില്ലെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും വ്യക്തമാക്കി. ദിവസക്കൂലിക്കാര്‍ക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും നല്‍കുമെന്ന് കെജരിവാള്‍ അറിയിച്ചു. നൂറ് കണക്കിന് പേരാണ് ഡെല്‍ഹിയില്‍ നിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുന്നത്. ആര്‍. എസ്.എസ്, സേവാഭാരതി തുടങ്ങിയ സംഘടനകളും ഇവര്‍ക്ക് ഭക്ഷണ വിതരണവുമായി രംഗത്തുണ്ട്.

അതിനിടെ ഗുജറാത്ത് – മഹാരാഷ്ട്ര അതിര്‍ത്തിയില്‍ ഗ്രാമങ്ങളിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് ചരക്ക് ലോറി പാഞ്ഞ് കയറി നാല് പേര്‍ മരിക്കുകയും ചെയ്തു. എല്ലാ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ഈ സാഹചര്യത്തെ ഗൗരവമായാണ് കാണുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്.