ഓസ്ട്രിയയില്‍ കോവിഡ് മരണം 86 ആയി: രോഗികളുടെ എണ്ണം 8200 കവിഞ്ഞു
വിയന്ന: ഓസ്ട്രിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 8200 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വൈറസ് ബാധിതരുടെ എണ്ണം 594 (7.2 ശതമാനം) ആയി ഉയര്‍ന്നു. മാര്‍ച്ച് 29ന് ഉച്ചകഴിഞ്ഞു ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചതുള്‍പ്പെടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 86 ആയി.
രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഇന്നും ക്രമാതീതമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനോടകം 479 പേര്‍ സുഖം പ്രാപിച്ചതായി സ്ഥിരീകരണമുണ്ട്. വിയന്ന, ലോവര്‍ ഓസ്ട്രിയ, സ്റ്റയര്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ യഥാക്രമം 21, 19, 19 പേരും, ബുര്‍ഗന്‍ലാന്‍ഡില്‍ 3 പേരും, കരിന്ത്യയില്‍ 2 പേരും, അപ്പര്‍ ഓസ്ട്രിയയില്‍ 7 പേരും, തിരോളില്‍ 10 പേരും, സാല്‍സ്ബുര്‍ഗില്‍ 4 പേരും, ഫോറാള്‍ബെര്‍ഗില്‍ ഒരാളുമാണ് മരിച്ചത്.
മാര്‍ച്ച് 29ന് ലഭിക്കുന്ന കണക്കുകള്‍ അനുസരിച്ച് തിറോള്‍ (1,907), അപ്പര്‍ ഓസ്ട്രിയ (1,402), ലോവര്‍ ഓസ്ട്രിയ (1,276), വിയന്ന (1,087), സ്റ്റയമാര്‍ക്ക് (873), സാല്‍സ്ബുര്‍ഗ് (793), ഫോറാല്‍ബെര്‍ഗ് (577), കരിന്തിയ (223), ബുര്‍ഗന്‍ലാന്‍ഡ് (153) എന്നിങ്ങനെയാണ്. ഓസ്ട്രിയയില്‍ ഇതുവരെ മരിച്ചവരും, സുഖം പ്രാപിച്ചവരും ഉള്‍പ്പെടെ എല്ലാ രോഗികളുടെയും ആകെ എണ്ണം 8486 ആയി.
അതേസമയം ഹ്രസ്വകാല ജോലികള്‍ക്കായി ലഭ്യമാക്കിയിരുന്ന 400 മില്യണ്‍ യൂറോയില്‍ നിന്നും, ഒരു ബില്യണ്‍ യൂറോ വരെ നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടയില്‍ കൂടുതല്‍ മാസ്‌കുകളും, ഡിസ്‌പോസിബിള്‍ ഗ്ലൗസുകളും, അണുനാശിനികളും വാരാന്ത്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു
കഴിയുന്നത്ര വീട്ടില്‍ തുടരുക, സാമൂഹിക സമ്പര്‍ക്കങ്ങള്‍ പരിമിതപ്പെടുത്തുക തുടങ്ങിയ നടപടികള്‍ രാജ്യത്ത് എല്ലായിടത്തും ഏപ്രില്‍ 13 വരെ തുടരും. അടിസ്ഥാന സേവനങ്ങള്‍ ഉറപ്പാക്കുന്നതോടൊപ്പം സ്ഥിതിഗതികള്‍ രാജ്യം അതീവ ശ്രദ്ധയോടെ വിലയിരുത്തി വരികയാണ്.