കൊറോണയെ വേഗത്തില്‍ കണ്ടെത്താന്‍ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനം

കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വേഗത്തില്‍ ഫലമറിയുന്ന റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. ഇതിന് ഐ.സി.എം.ആര്‍. അനുമതി ലഭിച്ചിട്ടുണ്ട്. ഐ.സി.എം.ആര്‍.-എന്‍.ഐ.വി. അനുമതിയുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകളുപയോഗിച്ചാണ് പരിശോധന നടത്തുന്നത്. സമൂഹത്തില്‍ സ്‌ക്രീനിംഗ് നടത്തി അവരില്‍ പരിശോധന നടത്തി രോഗ സാധ്യതയുള്ളവരെ കണ്ടെത്താനാകും. അവരെ നിരീക്ഷണത്തിലാക്കി ആവശ്യമുള്ളവരെ പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണ്.

നിലവില്‍ നിരീക്ഷണത്തിലുള്ളവരിലും അവരുമായി ബന്ധപ്പെട്ടവരും തുടങ്ങിയ എല്ലാവരിലും അതിവേഗം പരിശോധന നടത്തി ഫലമറിയാന്‍ റാപ്പിഡ് ടെസ്റ്റ് സഹായിക്കും. ഈ ടെസ്റ്റിലൂടെ പോസിറ്റീവുള്ളവരെ നിരീക്ഷണത്തിലാക്കാനും അവരില്‍ ആവശ്യമുള്ളവര്‍ക്ക് വിദഗ്ധ പരിശോധനയും ചികിത്സയും നല്‍കാനും സഹായിക്കും. അതിലൂടെ സമൂഹ വ്യാപനം പെട്ടെന്ന് തടയാനാകും.

പ്രാഥമിക സ്‌ക്രീനിംഗിലൂടെ വിവിധതരത്തിലുള്ള വൈറസ് വ്യാപനം ഉണ്ടോയെന്ന് അറിയുന്നതിനായി ഉപയോഗിക്കുന്ന ലളിതമായ പരിശോധന മാര്‍ഗമാണ് റാപ്പിഡ് ടെസ്റ്റ്. മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ 10 മിനിറ്റ് മുതല്‍ 30 മിനിറ്റിനുള്ളില്‍ വളരെ വേഗത്തില്‍ ഫലമറിയാന്‍ കഴിയും. ഗുണമേന്മയുള്ള പരിശോധനാ കിറ്റുകള്‍ ഉയോഗിച്ചാല്‍ വളരെയധികം ആളുകളുടെ പരിശോധനകള്‍ വേഗത്തിലാക്കി രോഗവ്യാപനം വളരെ പെട്ടെന്ന് അറിയാന്‍ കഴിയും.

നിലവില്‍ പിസിആര്‍ (പോളിമെര്‍ ചെയിന്‍ റിയാക്ഷന്‍) ടെസ്റ്റ് വഴിയാണ് ഇന്ത്യയില്‍ എല്ലാ രോഗികളിലും വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയുന്നത്. രണ്ട് തരം പരിശോധനകളിലൂടെയാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇ-ജീന്‍ പരിശോധനകള്‍ക്കായുള്ള റിയല്‍ടൈം റിവേഴ്സ് ട്രാന്‍സ്‌ക്രിപ്റ്റേഴ്സ് പി.സി.ആര്‍. എന്ന മോളിക്കുളാര്‍ പരിശോധനയാണ് ആദ്യം നടത്തുന്നത്. കോവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള ആര്‍.ഡി.ആര്‍.പി., ഒ.ആര്‍.എഫ്. 1 ബി. ജീനുകള്‍ കണ്ടെത്താനുള്ള പരിശോധനയാണ് രണ്ടാമത്തേത്.