ഒഡീഷയിലെ ആളൊഴിഞ്ഞ തീരത്ത് കൂട്ടമായെത്തി ഒലിവ് റിഡ്‌ലി കടലാമകള്‍

ആളൊഴിഞ്ഞ കടല്‍ത്തീരത്ത് കൂട്ടമായെത്തി ഒലിവ് റിഡ്‌ലി കടലാമകള്‍. ഒഡീഷയിലെ കടലോരങ്ങളിലാണ് ഇവ കൂട്ടമായി തിരികെ എത്തിയത്. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് ആളില്ലാത്ത കടലോരത്താണ് ആമകള്‍ കൂട്ടമായി എത്തിയത്.

വംശനാശ ഭീഷണി നേരിടുന്ന വലിയ ഒരിനം ആമകളാണ് ഒലിവ് റിഡ്‌ലി കടലാമകള്‍. കപ്പലുകളുടെയും ആളുകളുടെയും അതിപ്രസരം മൂലം ഇവ കരയിലേക്ക് വരാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആളൊഴിഞ്ഞതോടെ കൂടുണ്ടാക്കാന്‍ ഇവ തീരത്തേക്ക് കൂട്ടമായി എത്തുകയാണ്.

കൂടുണ്ടാക്കി മുട്ടയിടാനാണ് ഇവയുടെ വരവ്. മൂന്ന് ലക്ഷത്തോളം ആമകള്‍ കൂടുണ്ടാക്കിയെന്നാണ് വനം വകുപ്പിന്റെ കണക്ക്. മനുഷ്യനെ ഭീതിയിലാഴ്ത്തിയ വൈറസ് മറ്റു ജീവജാലങ്ങള്‍ക്ക് സന്തോഷകരമായ നിമിഷങ്ങള്‍ വീണ്ടും നല്‍കുന്നു എന്നതിന്റെ തെളിവാണ് ഇവയെല്ലാം.

ഈ മാസം 24 ചൊവ്വാഴ്ചയാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.