കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍: ജോണ്‍ പാട്ടപ്പതിയുടെ നേതൃത്വത്തില്‍ ട്രാവല്‍ & കോണ്‍സുലേറ്റ് അഫേയ്‌ഴ്‌സ് കമ്മറ്റിയും ജോണ്‍സന്‍ കണ്ണൂക്കാടന്റെ നേതൃത്വത്തില്‍ സീനിയര്‍ സിറ്റിസണ്‍ അഫയേഴ്സ് കമ്മറ്റിയും സജീവം
ചിക്കാഗോ: കോവിഡ് – 19 നെ പ്രതിരോധിക്കുവാന്‍ ചിക്കാഗോ മലയാളികളുടെ നേതൃത്വത്തില്‍ രൂപീകരിച്ച കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍ എന്ന സന്നദ്ധ കൂട്ടായ്മക്ക് ഊര്‍ജ്ജം നല്‍കി കൊണ്ട് ഫോമാ നാഷണല്‍ കൗണ്‍സില്‍ അംഗം ജോണ്‍ പാട്ടപ്പതിയുടെ നേതൃത്വത്തില്‍ ട്രാവല്‍ & കോണ്‍സുലേറ്റ് അഫയേഴ്സ് കമ്മറ്റിയും ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ നേതൃത്വത്തില്‍ സീനിയര്‍ സിറ്റിസണ്‍ അഫയേഴ്സ് കമ്മറ്റിയും സജീവമായ പേരവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു പോവുകയാണ്.
യാത്രാ വിലക്കുകളും, യാത്രാ നിയന്ത്രണങ്ങളും കര്‍ശനമായി നടപ്പിലായിരിക്കുന്ന അവസരത്തില്‍ അത്യാവശ്യകാര്യങ്ങള്‍ക്കായി യാത്ര വേണ്ടി വരുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ട്രാവല്‍ & കോണ്‍സുലേറ്റ് അഫയേഴ്സ് കമ്മറ്റി പ്രവര്‍ത്തിക്കുന്നത്. ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ചുകൊണ്ട്, കോണ്‍സുലേറ്റിന്റെ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ഈ കമ്മറ്റി പ്രവര്‍ത്തനനിരതമാണ്. ഇതിനകം തന്നെ ഈ സന്നദ്ധ കൂട്ടായ്മയുടെ ടോള്‍ ഫ്രീ നമ്പരിലേക്ക് വിളിച്ച പലര്‍ക്കും സഹായമാകുവാന്‍ ഈ കമ്മറ്റിക്ക് സാധിച്ചു എന്നത് ചാരിതാര്‍ഥ്യം നല്‍കുന്ന കാര്യമാണ് എന്ന് കമ്മറ്റിക്ക് വേണ്ടി ജോണ്‍ പാട്ടപ്പതി അറിയിച്ചു. ജോണ്‍ പാട്ടപ്പതിക്ക് പുറമെ ജോസ് മണക്കാട്ട്, ഗ്ലാഡ്സണ്‍ വര്‍ഗ്ഗീസ്, ജോസി കുരിശുങ്കല്‍ എന്നവര്‍ കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.
ഇപ്പോഴത്തെ അടിയന്തിര സാഹചര്യത്തില്‍ ഏറെ ശ്രദ്ധ ആവശ്യമുള്ള കമ്മറ്റിയാണ് സീനിയര്‍ സിറ്റിസണ്‍ അഫയേഴ്സ് കമ്മറ്റി. കോവിഡ് 19 ബാധിച്ചാല്‍, അത് കൂടുതല്‍ പ്രശനങ്ങള്‍ സൃഷ്ടിക്കുന്നത് പ്രായം ചെന്നവരിലും മറ്റ് അസുഖങ്ങള്‍ ഉള്ളവരിലും ആണ് എന്നതിനാല്‍, സീനിയര്‍ സിറ്റിസണ്‍ ആയിട്ടുള്ള ചിക്കാഗോയിലെ മലയാളി സമൂഹാംഗങ്ങള്‍ക്ക് സഹായം എത്തിക്കേണ്ടത് മലയാളി സമൂഹത്തിന്റെ ഈ സന്നദ്ധ കൂട്ടായ്മയുടെ ഉത്തരവാദിത്വമാണ് എന്ന് കമ്മറ്റി ചെയര്‍മാനും ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ അറിയിച്ചു. ഇതിനകം തന്നെ നിരവധിപേര്‍ക്ക് തങ്ങളെ കൊണ്ടാവുന്ന വിധത്തിലെല്ലാം സാഹായം എത്തിക്കുവാന്‍ സാധിച്ചു എന്നത് ഏറെ സംതൃപ്തി നല്‍കുന്ന കാര്യമാണ് എന്ന് അദ്ദേഹം ചൂണ്ടി കാട്ടി. മരുന്ന് , ഭക്ഷ്യ വസ്തുക്കള്‍ എന്നിവ ലഭ്യമാകുന്ന കാര്യത്തിലാണ് ഈ വിഭാഗത്തിന് കൂടുതല്‍ സഹായം വേണ്ടത് എന്നതിനാല്‍ കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍ എന്‍ കൂട്ടായ്മയുടെ സന്നദ്ധ പ്രവര്‍ത്തകര്‍, സമൂഹത്തിലെ സീനിയര്‍ സിറ്റിസണ്‍ ആയിട്ടുള്ളവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് തികഞ്ഞ ഏകോപനത്തോടെയാണ് കാര്യങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ സമൂഹത്തിലെ സീനിയര്‍ സിറ്റിസണ്‍ ആയിട്ടുള്ളവരെ വിളിച്ച് സുഖ വിവരങ്ങള്‍ അന്വേഷിക്കുവാനും വോളന്റിയേഴ്സ് മുന്നോട്ട് വന്നിട്ടുണ്ട്. അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മെഡിക്കല്‍ ടീം, സോഷ്യല്‍ വര്‍ക്കേഴ്‌സ് ടീം, കൗണ്‍സിലിംഗ് & സ്പിരിച്വല്‍ ടീം എന്നിവയെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട്, സമഗ്രമായ പിന്തുണ നല്‍കി കോവിഡ് – 19 ല്‍ നിന്നും പരമാവധി സംരക്ഷണം നല്‍കുവാന്‍ സാധിക്കത്തക്കവിധത്തിലുള്ള പ്രവര്‍ത്തങ്ങളാണ് സീനിയര്‍ സിറ്റിസണ്‍ കമ്മറ്റി നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. ജോണ്‍സന്‍ കണ്ണൂക്കാടന് പുറമെ ഫിലിപ്പ് പുത്തന്‍പുരയില്‍, ലീലാ ജോസഫ്, ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍, രഞ്ജന്‍ എബ്രഹാം, ആന്റോ കവലക്കല്‍, ജൈമോന്‍ നന്ദികാട്ട് എന്നിവര്‍ കമ്മറ്റിയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ചിക്കാഗോ പ്രദേശത്തെ ആറു റീജിയണുകളായി തിരിച്ചുകൊണ്ട്, സഹായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ബെന്നി വാച്ചാച്ചിറ, ജിതേഷ് ചുങ്കത്ത്, ബിജി സി മാണി എന്നിവരുടെ ഏകോപനത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്റികളിലൂടെ മുന്നോട്ട് നീങ്ങുന്നു. മലയാളി സമൂഹത്തിലെ പലരും ഇതിനകം തന്നെ കോവിഡ് ബാധിതരായി തീര്‍ന്നിരിക്കുന്ന അവസരത്തില്‍ 1 833 3KERALA (1 833 353 7252) എന്ന ടോള്‍ ഫ്രീ നമ്പര്‍ മലയാളി സമൂഹത്തിന് സഹായ ഹസ്തമായി മാറിയിട്ടുണ്ട്. കോവിഡ് 19 ബാധിച്ചവരുടെ എണ്ണം നാലായിരത്തിലധികം ആയിരിക്കുന്ന ഇല്ലിനോയി സംസ്ഥാനത്തില്‍ കഴിഞ്ഞ Stay at Home ഓര്‍ഡര്‍ വഴി അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തു പോകത്തക്ക വിധത്തില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മലയാളി കുടുംബങ്ങള്‍ ഒറ്റപെട്ട പോകുവാനുള്ള സാഹചര്യം മുന്നില്‍ കണ്ടു കൊണ്ടാണ് ‘കൈകോര്‍ത്ത്’ എന്ന സാമൂഹ്യ സഹായ സംവിധാനം രൂപീകരിച്ചിരിക്കുന്നത്.
കോവിഡ് 19 ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് ആശുപത്രികളുടെയും മെഡിക്കല്‍ ടീമുകളുടെയും സേവനം പരിമിതവുമാകുമ്പോള്‍ മലയാളി സമൂഹത്തിന് എമര്‍ജന്‍സി മെഡിക്കല്‍ സൗകര്യം ഒഴിച്ച് മറ്റെല്ലാ സൗകര്യങ്ങളും ലഭ്യമാക്കത്തക്ക രീതിയിലുള്ള ഡോകര്‍മാരും നേഴ്‌സ് പ്രാക്ടീഷണര്മാരും നേഴ്‌സുമാരും ഉള്‍പ്പെടെയുള്ള സുസജ്ജമായ മെഡിക്കല്‍ ടീമിനെ ഉള്‍പ്പെടെ അണിനിരത്തിക്കൊണ്ടാണ് ‘ കൈകോര്‍ത്ത്’ പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ ടീമിന്റെ ഏകോപനം നിര്‍വ്വഹിക്കുന്നത് മറിയാമ്മ പിള്ള, ബ്രിജറ്റ് ജോര്‍ജ്ജ്, ജോര്‍ജ് നെല്ലാമറ്റം, സ്‌കറിയാകുട്ടി തോമസ് എന്നിവരാണ്. മെഡിക്കല്‍ ടീമിന് പുറമെ, ഭക്ഷണ സാധനങ്ങളുടെ ദൗര്‍ലഭ്യം ഉണ്ടാകുന്ന പക്ഷം ചിക്കാഗോ പ്രദേശത്തെ ഇന്ത്യന്‍ ഗ്രോസറി കടകളെ ബന്ധിപ്പിച്ചുകൊണ്ട്, മലയാളി സമൂഹത്തിന് വ്യക്തമായ നിര്‍ദേശങ്ങള്‍ കൈമാറാനും, സഹായം വേണ്ടിടത്ത് അത് എത്തിക്കുവാനും വേണ്ടി ഫുഡ് കമ്മറ്റി ജോണി വടക്കുംചേരി, സണ്ണി വള്ളികുളം എന്നിവര്‍ നയിച്ചുകൊണ്ടിരിക്കുന്നു. അവശ്യ സാധങ്ങളുടെ ദൗര്‍ലഭ്യം മനസ്സിലാക്കി മലയാളി സമൂഹത്തെ സഹായിക്കുവാന്‍ വേണ്ടി സപ്ലൈ & സ്റ്റോക്ക് മോണിറ്ററിങ് കമ്മറ്റിക്ക് സ്‌കറിയാക്കുട്ടി തോമസാണ് നേതൃത്വം നല്‍കി വരുന്നത്. മേഴ്സി കുര്യാക്കോസിന്റെ നേതൃത്വത്തില്‍ കൗണ്‌സലിങ്ങ് & സോഷ്യല്‍ ഹെല്‍ത്ത് കമ്മറ്റിയും പ്രവര്‍ത്തനം തുടങ്ങി. ഹെല്‍പ്പ് ലൈന്‍ കൂടാതെ സമൂഹ മാധ്യങ്ങങ്ങളിലൂടെ മലയാളി സമൂഹത്തിന്റെ പ്രശനങ്ങള്‍ മനസ്സിലാക്കുവാനും സഹായം ആവശ്യമായ സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും വേണ്ടി അരുണ്‍ നെല്ലാമറ്റം, നിഷാ എറിക്ക് എന്നിവരുടെ നേതൃത്വത്തില്‍ IT സെല്‍ സ്തുത്യര്‍ഹമായ സേവനങ്ങളാണ് നല്‍കി കൊണ്ടിരിക്കുന്നത്. സാബു നെടുവീട്ടില്‍, സ്റ്റാന്‍ലി കളരിക്കമുറി എന്നിവര്‍ റീജണല്‍ കോര്‍ഡിനേറ്റേഴ്സ് ആയി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ മുന്നേറ്റത്തിന്റെ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, റവ. ഫാ. ഹാം ജോസഫ്, മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
ഭീതിയും ഭയവും ഒഴിവാക്കി , സംയമനവും വിവേകവും കൈമുതലാക്കികൊണ്ട് ഉത്തരവാദിത്വത്തോടെ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഈ മഹാമാരിയില്‍ തളരാതെ ഒരു സമൂഹമായി നിലനില്‍ക്കുവാന്‍ സാധിക്കും എന്നുള്ള ഉത്തമ വിശ്വാസത്തോടെയാണ് 150 ഓളം വരുന്ന വോളന്റിയേഴ്സ് ഒരുമിക്കുന്നത് എന്ന് പബ്ലിസിറ്റി കമ്മറ്റിക്ക് വേണ്ടി ബെന്നി വാച്ചാച്ചിറ അറിയിച്ചു. ഹെല്‍പ്പ് ലൈനിലേക്ക് വരുന്ന ഓരോ കോളുകള്‍ക്കും , വിളിക്കുന്നവരുടെ സ്വകാര്യത പരിപൂര്‍ണ്ണമായും കാത്തു സൂക്ഷിച്ചുകൊണ്ട്, യാതൊരു വിധ വ്യക്തി താല്പര്യങ്ങളുമില്ലാതെ കൈത്താങ്ങാകുവാന്‍ പ്രതിജ്ഞാബദ്ധമായ ടീമിലേക്ക് എത്തിയിരിക്കുന്ന എല്ലാ വോളന്റിയഴ്സിനും നന്ദി അറിയിക്കുന്നതായി, കമ്മറ്റികള്‍ക്ക് വേണ്ടി അദ്ദേഹം അറിയിച്ചു. ഹെല്‍പ്പ് ലൈനിലേക്കോ കമ്മറ്റി അംഗങ്ങളെ നേരിട്ടോ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ് ലൈനുമായി 1 833 353 7252 എന്ന നമ്പരില്‍ ബന്ധപ്പെടുക.
റിപ്പോര്‍ട്ട്: അനില്‍ മറ്റത്തികുന്നേല്‍