മാനവരാശിക്ക് ഭീഷണിയായ മഹാമാരികള്‍ : കോളറ
ബി എന്‍ ഷജീര്‍ ഷാ
പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടര്‍ന്നു പിടിക്കുന്ന തരം വ്യാപക പകര്‍ച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രത്തില്‍ പാന്‍ഡെമിക് (pandemic) എന്നു വിളിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ ു?? പാന്‍ (എല്ലാം) + റ?ന്ദ?? ഡിമോസ് (ജനത) എന്ന വാക്കുകളില്‍ നിന്നാണ് നാമം ഉദ്ഭവിച്ചിരിക്കുന്നത്. ലോകവ്യാപകമായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഓരോ വര്‍ഷവും രോഗബാധിതരാകുന്ന ആളുകളുടെ കണക്കില്‍ വലിയ വ്യതിയാനം വരാത്ത അസുഖങ്ങള്‍ പാന്‍ഡെമിക് എന്ന ഗണത്തില്‍ പെടില്ല.
കാലികമായി വരുന്ന ജലദോഷബാധ ഇന്‍ഫ്‌ലുവന്‍സ പാന്‍ഡെമിക്കിന്റെ കൂട്ടത്തില്‍ പെടുത്തിയിട്ടില്ല. വസൂരി, ക്ഷയം മുതലായ പല അസുഖങ്ങളുടെയും പാന്‍ഡെമിക്കുകള്‍ ചരിത്രത്തില്‍ പല തവണ ഉണ്ടായിട്ടുണ്ട്. എയ്ഡ്‌സ് പാന്‍ഡെമിക്, H1N1 പാന്‍ഡെമിക്, 1918-ലും 2009-ലും ഉണ്ടായ ഫ്‌ലൂ പാന്‍ഡെമിക്കുകള്‍. ഇപ്പോള്‍ ലോകം മുഴുവന്‍ ഭീതി വിതയ്ക്കുന്ന കൊറോണ വൈറസ് രോഗം 2019 എന്നിവ പാന്‍ഡെമിക് ഗണത്തില്‍ വരുന്ന ഒന്നാണ്. അത്തരത്തില്‍ ഒരു പാന്‍ഡെമിക് ആണ് കോളറ. മനുഷ്യ ജീവന് ആപത്തായ കോളറ എന്ന മഹാമാരിയെ പറ്റി കൂടുതല്‍ അറിയാം.
കോളറ :
കുടിക്കാന്‍ ശുദ്ധജലവും പൊതുശുചിത്വത്തിന് സാനിട്ടേഷന്‍ സൗകര്യങ്ങളുടെ ലഭ്യതയും ആരോഗ്യജീവിതത്തിന്റെ അടിസ്ഥാനമാണെന്ന് വൈദ്യശാസ്ത്രത്തെ പഠിപ്പിച്ച- ലോകത്താകമാനം മേല്‍പ്പറഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ സാര്‍വത്രികമായി ഉണ്ടാക്കുവാന്‍ ഭരണകൂടങ്ങളെ പ്രേരിപ്പിച്ച പകര്‍ച്ചവ്യാധിയാണ് ‘കോളറ.’ അതിനാല്‍ കോളറയ്ക്ക് പൊതുജനാരോഗ്യത്തിന്റെ പിതാവ് എന്നും പര്യായമുണ്ട്.
വര്‍ത്തമാനകാലത്ത് ഒരുസ്ഥലത്ത് ‘കോളറബാധ’ ഉണ്ടാകുന്നത് ആ സ്ഥലത്തിന്റെ സാമൂഹിക വികസനത്തിന്റെയും ദരിദ്രാവസ്ഥയുടെയും പ്രധാന സൂചികകളായിട്ടാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. മനുഷ്യന്‍ (ഒപ്പം ഭക്ഷ്യവസ്തുക്കളായ ചരക്കുകളും) കൂടുതല്‍ യാത്രചെയ്യുന്ന ഈകാലത്ത് ‘കോളറ’യുടെ അണുക്കള്‍ക്ക് ലോകത്തിലെ ഏതുഭാഗത്തും എത്തിച്ചേരാന്‍ വിഷമമില്ലെങ്കിലും കോളറ പടര്‍ന്ന് പ്രശ്നമാകുന്നത് സാനിട്ടേഷന്‍ സൗകര്യങ്ങള്‍ തകരാറിലായ സ്ഥലങ്ങളില്‍ മാത്രമായിരിക്കും.
വിബ്രിയോ കോളറ എന്ന് നാമകരണം ചെയ്ത, മനുഷ്യമലത്തിലും വെള്ളത്തിലും ജീവിക്കുന്ന ബാക്ടീരിയ ആണ് രോഗഹേതു. ഒന്ന് ക്ലാസിക്കല്‍: മുന്‍കാലങ്ങളില്‍ ലോകത്താകമാനം മരണംവിതച്ച രോഗതീവ്രത കൂടിയ ഈ കോളറഅണു ഇപ്പോള്‍ വളരെ അപൂര്‍വമാണ്. രണ്ടാമത് എല്‍ടോര്‍: 1960-കള്‍ക്ക് ശേഷം പ്രത്യക്ഷപ്പെട്ട ‘എല്‍ടോര്‍’ ആണ് ഇപ്പോള്‍ സാധാരണ കാണുന്ന ബയോ ടൈപ്പ്- ഈജിപ്തില്‍ എല്‍ടോര്‍ എന്ന സ്ഥലത്ത് മക്കയില്‍ നിന്ന് മടങ്ങിയ ‘ഹജ്ജ്’ തീര്‍ഥാടകരിലാണ് ഇതാദ്യം കണ്ടെത്തിയത്. എല്‍ടോര്‍ ഉണ്ടാക്കുന്ന രോഗലക്ഷങ്ങള്‍ ക്ലാസിക്കല്‍ പൊലെ തീവ്രമല്ല. അതുകൊണ്ടുതന്നെ ‘സാധാരണ’ വയറിളക്ക രോഗവുമായി ഇതുണ്ടാക്കുന്ന കോളറയെ തിരിച്ചറിയാന്‍ വിഷമമാണ്.
രോഗിയുടെ മലത്തിലൂടെ വിസര്‍ജിക്കപ്പെടുന്ന അണുക്കള്‍ വെള്ളം, ഭക്ഷണം വഴിയോ നേരിട്ടോ മറ്റൊരാളിന്റെ വയറ്റില്‍ എത്തുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. വെളിമ്പ്രദേശങ്ങളില്‍ മലവിസര്‍ജനം ചെയ്യപ്പെടുമ്പോഴോ രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍, വിരിപ്പുകള്‍ കഴുകുന്നതുമൂലമോ കിണര്‍, കുളം, തോടുകള്‍, പുഴകള്‍ ഇവയിലെ വെള്ളം മലിനീകരിക്കപ്പെടുക, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ വൃത്തിയായി കഴുകാതെയോ മലിനമായ വെള്ളത്തില്‍ കഴുകുമ്പോഴോ ശരിയായി വേവിക്കാത്തതോ പഴകിയതോ ആയ ആഹാരങ്ങള്‍ കഴിച്ചാലും അവയിലൂടെ കോളറ പരക്കാം.
നിലവില്‍ ഭീകരന്‍ അല്ല എങ്കിലും മുന്‍ നൂറ്റാണ്ടുകളില്‍ മനുഷ്യന് ഏറ്റവും ദുരന്തം വിതച്ച ഒരു മഹാമാരിയാണ് കോളറ. ഒരു പ്രാദേശിക രോഗം എന്ന നിലയില്‍ നിന്ന് ലോകത്തില്‍ ഏറ്റവും വ്യാപകവും മാരകവുമായ അസുഖങ്ങളുടെ നിലയിലേയ്ക്ക് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കോളറ മാറുകയുണ്ടായി. ദശലക്ഷക്കണക്കിനാള്‍ക്കാര്‍ കോളറമൂലം മരണമടഞ്ഞിട്ടുണ്ട്.
1816-1826 ല്‍ ആണ് ആദ്യ കോളറ പാന്‍ഡെമിക് ഉണ്ടാകുന്നത്. ഇന്ത്യന്‍ ഉപഭൂഘണ്ഡത്തില്‍ ഒതുങ്ങി നിന്നിരുന്ന കോളറ ബംഗാളില്‍ നിന്നു തുടങ്ങി ഇന്ത്യയാകമാനം 1820-ഓടെ പടര്‍ന്നു. 10,000 ബ്രിട്ടീഷ് സൈനികരും അസംഖ്യം ഇന്ത്യക്കാരും ഈ വ്യാധിയില്‍ മരണമടഞ്ഞു. തുടര്‍ന്ന് ഇത് ചൈന, ഇന്തോനേഷ്യ കാസ്പിയന്‍ കടല്‍ മേഖല എന്നിവിടങ്ങളിലേയ്ക്കും വ്യാപിച്ചു. ജാവ ദ്വീപില്‍ മാത്രം ഒരുലക്ഷത്തിലധികം ആള്‍ക്കാര്‍ മരിച്ചു.
ഒന്നരക്കോടിയിലധികം ആള്‍ക്കാര്‍ 1817-നും 1860-നും മദ്ധ്യേ ഈ അസുഖം മൂലം ഇന്ത്യയില്‍ മരിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്. 2.3 കോടി ആള്‍ക്കാര്‍ 1865-നും 1917-നുമിടയില്‍ ഇതേ അസുഖത്താല്‍ മരണമടയുകയുണ്ടായി.
റഷ്യയില്‍ ഇതേ സമയത്ത് 20 ലക്ഷം പേരാണ് മരണമടഞ്ഞത്.
1829-1851 ആണ് രണ്ടാം കോളറ പാന്‍ഡെമിക്കിന്റെ കാലഘട്ടം. ഹങ്കറിയില്‍ ഇത് ഒരുലക്ഷം മരണങ്ങള്‍ക്ക് കാരണമായി. ജര്‍മനിയില്‍ പാന്‍ഡെമിക് എത്തിയത് 1831-ലാണ്. ലണ്ടനില്‍ 1832-ല്‍ അസുഖം എത്തിപ്പെട്ടു. 55,000-ലധികം ആള്‍ക്കാര്‍ ബ്രിട്ടനിലും അയര്‍ലാന്റിലുമായി മരിക്കുകയുണ്ടായി. ഫ്രാന്‍സ്, കാനഡയിലെ ഒണ്ടാറിയോ, അമേരിക്കന്‍ ഐക്യനാടുകളിലെ ന്യൂ യോര്‍ക്ക് എന്നിവിടങ്ങളിലും അതേ വര്‍ഷം അസുഖം എത്തിപ്പെട്ടു.
1834-ല്‍ വടക്കേ അമേരിക്കയുടെ പസഫിക് തീരത്ത് അസുഖം എത്തിപ്പെട്ടു. 1848മുതല്‍ രണ്ടുവര്‍ഷത്തേയ്ക്ക് ഇംഗ്ലണ്ടിലും വെയില്‍സിലും അസുഖം വീണ്ടും പൊട്ടിപ്പുറപ്പെട്ടു. ഇതില്‍ 52,000 ആള്‍ക്കാര്‍ മരണമടയുകയുണ്ടായി. 1832-നും 1849-നുമിടയില്‍ ഒരുലക്ഷത്തി അന്‍പതിനായിരം അമേരിക്കക്കാര്‍ കോളറ ബാധിച്ചു മരിച്ചു എന്നാണ് കണക്ക്.
മൂന്നാം കോളറ പാന്‍ഡമിക് 1852-1860. ഇത് പ്രധാനമായും റഷ്യയെയാണ് ബാധിച്ചത്. ഇവിടെ പത്തു ലക്ഷത്തിലധികം ആള്‍ക്കാര്‍ മരണമടഞ്ഞു. 1852-ല്‍ കോളറ ഇന്തോനേഷ്യയിലെത്തി. അവിടെനിന്നും ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലും അസുഖം എത്തിപ്പെട്ടു. ഫിലിപ്പീന്‍സില്‍ 1858-ലും കൊറിയയില്‍ 1859-ലും രോഗബാധയുണ്ടായി. 1859-ല്‍ വീണ്ടും ബംഗാളിലുണ്ടായ അസുഖബാധ ഇറാന്‍, ഇറാഖ്, അറേബ്യ, റഷ്യ എന്നിവിടങ്ങളിലേയ്ക്ക് രോഗം പടരാന്‍ കാരണമായി. 1854-55 കാലത്ത് സ്‌പെയിനില്‍ 236,000 ആള്‍ക്കാര്‍ ഈ അസുഖം മൂലം മരണമടഞ്ഞു. മെക്‌സിക്കോയില്‍ രണ്ടുലക്ഷം ആള്‍ക്കാരാണ് അസുഖബാധിതരായത്.
നാലാം കോളറ പാന്‍ഡെമിക് 1863-1875. യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് കൂടുതലായി പടര്‍ന്നത്. 30,000-നും 90,000-നുമിടയ്ക്ക് ഹജ്ജ് യാത്രികര്‍ ഈ അസുഖത്താല്‍ മരണമടയുകയുണ്ടായി. 1866-ല്‍ 90,000 ആള്‍ക്കാരാണ് കോളറ മൂലം റഷ്യയില്‍ മരണമടഞ്ഞത്.
1866-ല്‍ വടക്കേ അമേരിക്കയില്‍ ഉണ്ടായ പകര്‍ച്ചവ്യാധിയില്‍ 50,000 അമേരിക്കക്കാര്‍ മരണമടഞ്ഞു എന്ന് ചരിത്ര രേഖകള്‍ പറയുന്നു. അഞ്ചാം കോളറ പാന്‍ഡെമിക് 1881-1896. 1883-1887 സമയത്ത് യൂറോപ്പില്‍ 250,000 ആള്‍ക്കാരും 50,000 പേരെങ്കിലും അമേരിക്കയിലും മരണമടഞ്ഞു. 1892-ല്‍ 267,890 ആള്‍ക്കാര്‍ റഷ്യന്‍ സാമ്രാജ്യത്തില്‍ കോളറ മൂലം മരണമടഞ്ഞു; 120,000 പേര്‍ സ്‌പെയിനിലും, 90,000 പേര്‍ ജപ്പാനിലും 60,000 പേര്‍ പേര്‍ഷ്യയിലും മരിക്കുകയുണ്ടായി.
1892-ല്‍ ഹാംബര്‍ഗിലെ ശുദ്ധജലവിതരണസംവിധാനത്തില്‍ കോളറ അണുക്കള്‍ എത്തിപ്പെട്ടു. ഇതുമൂലം 8606 പേര്‍ മരണമടഞ്ഞു. ആറാം കോളറ പാന്‍ഡെമിക് 1899-1923. എന്നാല്‍ ഇത്തവണ ഈ അസുഖം മൂലം യൂറോപ്പില്‍ വലിയ ജീവനാശമുണ്ടായില്ല. പൊതുജനാരോഗ്യപാലനം മെച്ചപ്പെട്ടതായിരുന്നു കാരണം. എന്നാല്‍ റഷ്യയെ ഇത്തവണയും അസുഖം വെറുതേ വിട്ടില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ അഞ്ചുലക്ഷം ആള്‍ക്കാര്‍ റഷ്യയില്‍ കോളറ ബാധിച്ച് മരണമടഞ്ഞു.
എട്ടു ലക്ഷത്തിലധികം ആള്‍ക്കാരാണ് ഇതില്‍ ഇന്ത്യയില്‍ മരണമടഞ്ഞത്. 1902-1904 സമയത്ത് ഫിലിപ്പീന്‍സില്‍ രണ്ടുലക്ഷത്തിലധികം ആള്‍ക്കാര്‍ മരണമടയുകയുണ്ടായി. പത്തൊന്‍പതാം നൂറ്റാണ്ടു മുതല്‍ 1930 വരെ ഹജ്ജ് കര്‍മത്തിനിടെ 27 തവണ കോളറ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചിട്ടുണ്ടായിരുന്നു. 1907-നും 1908-നുമിടയില്‍ 20,000-ലധികം തീര്‍ത്ഥാടകര്‍ ഹജ്ജ് കര്‍മത്തിനിടെ കോളറ ബാധിച്ചു മരിക്കുകയുണ്ടായി. [67]
ഏഴാം കോളറ പാന്‍ഡമിക് 1962-66. ഇത് ഇന്തോനേഷ്യയില്‍ നിന്നാണ് ലോകത്തിന്റെ മറ്റുഭാഗങ്ങളിലേയ്ക്ക് പടര്‍ന്നത്. 1963-ല്‍ ഇത് ബംഗ്ലാദേശിലും, 1964-ല്‍ ഇന്ത്യയിലും, 1966-ല്‍ സോവിയറ്റ് യൂണിയനിലും എത്തിപ്പെട്ടു.