അന്യദേശ തൊഴിലാളികളെ സംഘടിപ്പിച്ചതിന് സി.ഐ.ടി.യു നേതാവിനെതിരെ കേസ്
കൊറോണ ഭീഷണി നിലനില്‍ക്കെ തൊഴിലാളികളെ സംഘടിപ്പിച്ചതിന് സി.ഐ.ടി.യു നേതാവിനെതിരെ കേസ്. പട്ടാമ്പി സി.ഐ.ടി.യു യൂണിയന്‍ ഡിവിഷന്‍ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെയാണ് കേസെടുത്തത്. പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ സംഘടിച്ചതിന് പിന്നാലെ പട്ടാമ്ബിയിലും തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു.
ഞായറാഴ്ച രാവിലെ 11ഓടെ പള്ളിപ്പുറം റോഡില്‍ നാനൂറോളം തൊഴിലാളികള്‍ പ്രതിഷേധവുമായി ഒത്തുകൂടുകയായിരുന്നു. തുടര്‍ന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ കെ.എസ്.ബി.എ. തങ്ങള്‍, സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, തഹസില്‍ദാര്‍ കെ.ആര്‍. പ്രസന്നകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചിരുന്നു.
അതേസമയം അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ഉണ്ടെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടി മലപ്പുറത്ത് അറസ്റ്റില്‍. എടവണ്ണ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ശരീഫ് തുവക്കുന്നാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. സംഭവത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.
എടവണ്ണയിലെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയായിരുന്നു തുവക്കാട് സ്വദേശി സാക്കീറിന്റെ വ്യാജ പ്രചാരണം. പ്രചാരണം വിശ്വസിച്ച തൊഴിലാളികള്‍ യോഗം ചേര്‍ന്ന് നാട്ടിലേക്കുള്ള യാത്രയ്ക്ക് ഒരുക്കവും തുടങ്ങി. ഇതോടെ സന്ദേശം അയച്ച യൂത്ത് കോണ്‍ഗ്രസ് എടവണ്ണ മണ്ഡലം സെക്രട്ടറി ആയിരുന്ന അലി സാക്കീറിനെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്.
അലി സാക്കീറിനെ സന്ദേശം അയക്കാന്‍ പ്രേരിപ്പിച്ച എടവണ്ണ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്ന ശരീഫ് തുവക്കുന്നിനെയാണ് എടവണ്ണ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ശരീഫ് സ്വയം കുറ്റകൃത്യം ചെയ്യാതെ അലി സാക്കിറിനെ കൊണ്ട് ചെയ്യിപ്പിക്കുന്ന കുബുദ്ധിയാണ് പ്രയോഗിച്ചെതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.