ഇന്ത്യയില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊറോണ വൈറസിന്റെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതുപോലെ രോഗപ്പകര്‍ച്ച കുറയ്ക്കാനായെന്നും മന്ത്രാലയം വ്യക്തമാക്കി. സമൂഹ വ്യാപനത്തിന്റെ ആശങ്ക തള്ളിയ ആരോഗ്യവകുപ്പ് പ്രാദേശിക വ്യാപനത്തിന്റെ ഘട്ടമാണെന്ന് വ്യക്തമാക്കി. 24 മണിക്കൂറിനിടെ രാജ്യത്ത് 92 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായതിനേക്കാള്‍ കുറഞ്ഞ നിരക്കാണ് ഇന്നത്തേത്.

അതേസമയം രാജ്യത്ത് കൊവിഡ് 19 മരണം 32 ആയി. 1071 പോസിറ്റീവ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ മതപരമായ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് രോഗലക്ഷണം പ്രകടിപ്പിച്ചതോടെ ഡല്‍ഹി നിസാമുദ്ദീന്‍ മേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്.

മുംബൈ, പൂനെ, പശ്ചിമ ബംഗാള്‍ ,ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഇന്ന് കൊവിഡ് 19 മരണം ഉണ്ടായത്. മഹാരാഷ്ട്രയും ഗുജറാത്തുമാണ് കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍. കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ സമൂഹ വ്യാപനത്തിന് സമാനമായി നിസാമുദ്ദീനില്‍ ഇരുന്നൂറോളം ആളുകള്‍ക്ക് കൊവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. മാര്‍ച്ച് 18 ന് മര്‍കസില്‍ പങ്കെടുത്ത 200 ഓളം ആളുകളാണ് രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുളളത്. ഇതേ ചടങ്ങില്‍ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ഉളളവര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. നിസാമുദ്ദീന്‍ മേഖല പൂര്‍ണമായും പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നിയന്ത്രണത്തിലാക്കിയിരിക്കുകയാണ് ഇപ്പോള്‍.