വുഹാന്‍ പറയുന്നത് കള്ളമോ? മരിച്ചവരുടെ എണ്ണത്തില്‍ സംശയം പ്രകടിപ്പിച്ച് ചൈനീസ് ജനത
ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ കൊറോണ എന്ന വൈറസ് ആദ്യമായി ഭീതി വിതച്ചത് ചൈനയിലെ വുഹാന്‍ നഗരത്തിലാണ്. എന്നാല്‍ ഇപ്പോള്‍ വുഹാന്‍ നഗരം ഭാഗികമായി പഴയ അവസ്ഥയിലേക്ക് മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടുമാസത്തെ പൂര്‍ണ ലോക്ക്ഡൗണിന് ശേഷമാണ് വുഹാന്‍ ഭാഗികമായി തുറന്നത്. 2,500 ലേറെ പ്രദേശവാസികളാണ് വൈറസ് ബാധ ഏറ്റ് മരിച്ചത്. എന്നാല്‍ ആ കണക്ക് സംബന്ധിച്ച് പ്രദേശവാസികള്‍ക്ക് വലിയ ആശയക്കുഴപ്പമുണ്ടെന്നാണ് റേഡിയോ ഫ്രീ ഏഷ്യ വെളിപ്പെടുത്തുന്നത്. ഔദ്യോഗിക രേഖകളെക്കാള്‍ എത്രയോ കൂടുതലാണ് വുഹാന്‍ നഗരത്തില്‍ മരിച്ചവരുടെ എണ്ണം എന്നാണ് അവര്‍ പറയുന്നത്.
വിദേശികളുടെ വരവ് വിലക്കിയതിന്റെ നാലാം ദിവസം മുതല്‍ ചൈനയില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറവ് വന്നിരുന്നതായാണ് അധികൃതര്‍ അവകാശപ്പെട്ടിരുന്നത്. വുഹാന്‍ വീണ്ടും തുറന്നതിന് പിന്നാലെ ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മരിച്ചവരുടെ മൃതദേഹങ്ങളുടെ അവശേഷിപ്പുകള്‍ സര്‍ക്കാര്‍ ബന്ധുക്കള്‍ക്ക് കൈമാറിത്തുടങ്ങി. ഇതോടെയാണ് സംശയങ്ങള്‍ ബലപ്പെട്ടതെന്ന് വുഹാനില്‍നിന്നൊരാള്‍ റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞു.
അതുപോലെ വുഹാനിലെ സ്മശാനങ്ങളില്‍ നിന്നുള്ള കണക്കുകളും മറ്റൊന്നാണ്. 5,000ത്തോളം ആളുകളുടെ സംസ്‌കാരം നടന്നിരുന്നെന്നാണ് ഇവര്‍ പറയുന്നത്. 3500 ഓളം മതദേഹങ്ങള്‍ ഒറ്റ ദിവസം ചില സ്ഥലങ്ങളില്‍ സംസ്‌കരിച്ചിരുന്നെന്നാണ് ചില സോഷ്യല്‍മീഡിയാ പോസറ്റുകളും അവകാശപ്പെടുന്നത്. ചിലപ്പോള്‍ അധികൃതര്‍ സമയമെടുത്ത് യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിട്ടേക്കാമെന്ന പ്രതീക്ഷയും ഇവര്‍ പങ്കുവെക്കുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ വലിയ ഭീതി പടര്‍ത്താതിരിക്കാനാവാം യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെക്കുന്നതെന്ന അഭ്യൂഹവും ഇവര്‍ക്കുണ്ട്. ചൈനയുടെ മരണ സംഖ്യാ നിരക്കില്‍ അമേരിക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങളും സംശയം പ്രകടിപ്പിച്ചിരുന്നു.