കേരളത്തില്‍ 7 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം കാസര്‍ഗോഡ് ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 215 ആയി.

സംസ്ഥാനത്ത് നിലവില്‍ 1,63,129 പേര്‍ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 150 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, പത്തനംതിട്ടയിലും, കണ്ണൂരിലും രണ്ട് പേര്‍ വീതം രോഗ മുക്തി നേടിയതായും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍ഗോഡിനായി പ്രത്യേക ആക്ഷന്‍ പ്ലാനും, ടെസ്റ്റിന് പ്രത്യേക സംവിധാനവും രൂപീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 7485 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 6381 സാമ്പിളുകള്‍ക്ക് രോഗബാധയില്ല എന്നു0 കണ്ടെത്തി.

നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ളവരും പങ്കെടുത്തതായും അവരെ ജില്ലാ ഭരണകൂടം കണ്ടെത്തി നിരീക്ഷണത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് ഒരു ലക്ഷത്തി അറുപത്തിമൂവായിരത്തിനൂറ്റിഇരുപത്തിയൊന്‍പത് പേരാണ്. വീടുകളില്‍ ഒരുലക്ഷത്തി അറുപത്തിരണ്ടായിരത്തി നാനൂറ്റി എഴുപത്തൊന്ന് പേരും ആശുപത്രികളില്‍ 658 പേരും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.