കൊറോണ മരണം ; പോത്തന്‍കോട് മേഖല മുഴുവന്‍ സമ്പൂര്‍ണ അടച്ചിടല്‍

കൊറോണ ബാധിച്ചു ഒരാള്‍ മരിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം പോത്തന്‍കോട് മേഖല മുഴുവന്‍ നിരീക്ഷണത്തിലേക്ക് മാറണമെന്ന് നിര്‍ദേശം. മൂന്നാഴ്ച സമ്പൂര്‍ണ നിരീക്ഷണത്തിലേക്ക് മാറണമെന്നാണ് നിര്‍ദേശം. ഇന്ന് പ്രദേശത്ത് കൊവിഡ് ബാധിച്ച് അബ്ദുല്‍ അസീസ് എന്നയാള്‍ മരിച്ചതിന് പിന്നാലെയാണ് നടപടി.

ഇന്ന് മരിച്ച അബ്ദുല്‍ അസീസ് മരണാന്തര ചടങ്ങുകള്‍, വിവാഹങ്ങള്‍ അടക്കമുള്ള നിരവധി പരിപാടികളില്‍ പങ്കെടുത്തിരുന്നു. എവിടെനിന്നാണ് അബ്ദുല്‍ അസീസിന് വൈറസ് ബാധയേറ്റതെന്ന് വ്യക്തമല്ല. അബ്ദുല്‍ അസീസിന്റെ മകള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രദേശത്തെ മുഴുവന്‍ ജനങ്ങളും നിരീക്ഷണത്തില്‍ കഴിയണമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്നലെ അര്‍ധരാത്രിയാണ് കൊവിഡ് ബാധിച്ച് തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അബ്ദുല്‍ അസീസ് മരിച്ചത്. ഇദ്ദേഹത്തിന് രോഗം വന്നതെങ്ങനെയെന്ന് കണ്ടെത്താന്‍ ആരോഗ്യ വിഭാഗത്തിന് സാധിച്ചിട്ടില്ല. എവിടെ നിന്നാാണ് രോഗത്തിന്റെ ഉറവിടമെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അബ്ദുല്‍ അസീസ് മരണത്തിന് കീഴടങ്ങിയത്.

ഈ മാസം 28 മുതല്‍ ഇദ്ദേഹം ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതിരുന്നതെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു.

അതേസമയം അബ്ദുല്‍ അസീസിന് വൈറസ് ബാധയേറ്റത് ബന്ധുവില്‍ നിന്നാണേയെന്ന് സംശയിക്കുന്നതായി ആരോഗ്യ മന്ത്രി കെകെ ഷൈലജ ട്വന്റിഫോറിനോട് പറഞ്ഞു. എന്നാല്‍ നാട്ടുകാര്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും ബന്ധുക്കളെയൊക്കെ നേരത്തെ തന്നെ നിരീക്ഷണത്തിലാക്കിയതാണെന്നും ആരോഗ്യ വകുപ്പ് ക്യത്യമായ മുന്‍കരുതലെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അബ്ദുല്‍ അസീസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനായില്ലെന്നത് സ്ങ്കടകരമാണ്. പിന്നീട് ബന്ധുക്കളില്‍ നിന്നാണ് വിവരം ശേഖരിച്ചത്. കോണ്ടാക്റ്റ് ആണെന്ന് ഉറപ്പാണ്. സാമൂഹൃ വ്യാപനം നടന്നുവെന്ന് ഈ കേസു കൊണ്ട് പറയാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഒരു മരണം പോലും ഉണ്ടാകരുതെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍ അബ്ദുല്‍ അസീസിന് നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി പരിശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇതുകൊണ്ടാണ് പ്രായമായവര്‍ ശ്രദ്ധിക്കണമെന്ന് പറയുന്നതെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.