തമിഴ്നാട്ടില്‍ പുതിയ 110 കൊറോണ കേസുകള്‍ ; എല്ലാവരും നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവര്‍

തമിഴ്നാട്ടില്‍ പുതിയ 110 കൊറോണ വൈറസ് പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ എല്ലാവരും ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍. ഇതോടെ തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകളുടെ എണ്ണം 234 ആയി ഉയര്‍ന്നു.

15 ജില്ലകളില്‍ നിന്നുള്ള 110 പേര്‍ക്ക് ഇന്ന് രോഗം സ്ഥീരീകരിച്ചതായി ആരോഗ്യവകുപ്പ് സെക്രട്ടറി ബീല രാജേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാവരും നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണെന്നും ബീല രാജേഷ് പറഞ്ഞു. ഇതാദ്യമായാണ് ഒരു ദിവസം ഇത്രയേറെ കേസുകള്‍ തമിഴ്നാട്ടില്‍ സ്ഥിരീകരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന് 1500 ഓളം പേര്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇവരില്‍ 1131 പേര്‍ സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടുണ്ട്.

അതേസമയം ഡല്‍ഹിയിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 128 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പരിപാടിയില്‍ പങ്കെടുത്തു മടങ്ങിയ എല്ലാവരെയും കണ്ടെത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. മാര്‍ച്ച് ഒന്നിനും 15നും ഇടയില്‍ 8000 പേരാണ് തബ്‌ലീഗ് കേന്ദ്രത്തിലെത്തിയത്. ഇവരുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കൈമാറി. 2137 പേരെയാണ് ഇതുവരെ കണ്ടെത്തിയത്.

അതിനിടെ, തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കൊല്ലം ജില്ലയില്‍ നിന്നുള്ള 11 പേരെ തിരിച്ചറിഞ്ഞു. ഇതില്‍ നാട്ടിലെത്തിയ എട്ടു പേര്‍ നിരീക്ഷണത്തിലാണ്. മൂന്ന് പേര്‍ തിരിച്ചെത്തിയിട്ടില്ല. പാലക്കാട് നിന്ന് പത്ത് പേര്‍ പങ്കെടുത്തതായാണ് വിവരം. ഇതില്‍ തിരികെ നാട്ടിലെത്തിയ രണ്ടു പേര്‍ ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനിലാണ്. എട്ടു പേര്‍ ഡല്‍ഹിയിലാണുള്ളത്.

മലേഷ്യ, ഇന്തോനേഷ്യ, നേപ്പാള്‍, ജിബൂട്ടി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതിനിടെ ദക്ഷിണ ഡല്‍ഹിയിലെ തബ്ലീഗ് ജമാഅത്ത് ആസ്ഥാനവുമായി ബന്ധപ്പെട്ടുള്ള കോവിഡ് മരണങ്ങളെ തുടര്‍ന്ന് സംഘടനാ നേതാവ് മൗലാന സഅദ് കാന്ധല്‍വിയടക്കം ഏഴുപേരെ പ്രതിചേര്‍ത്ത് ഡല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കോവിഡ് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം വകവെക്കാതെ ആളുകളെ കൂട്ടംചേരാന്‍ അനുവദിച്ചതിനാണ് എഫ്.ഐ.ആര്‍. തബ്ലീഗ് ആസ്ഥാനത്തെ സമ്മേളനത്തില്‍ പങ്കെടുത്ത 11 പേര്‍ മരിക്കുകയും 150-ലേറെ പേര്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിക്കുകയും ചെയ്തതിനു പിന്നാലെയാണിത്.