കര്‍ണ്ണാടക അതിര്‍ത്തി തുറക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

ദേശിയപാതയില്‍ കര്‍ണ്ണാടക മണ്ണിട്ട് റോഡ് അടച്ചതിന് എതിരെ ഹൈക്കോടതി. മണ്ണിട്ട് അടച്ച കാസര്‍ഗോഡ് – മംഗലാപുരം ഭാഗത്തെ അതിര്‍ത്തി ഉടന്‍ തുറക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. വിഷയത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണം, ഇന്ത്യയില്‍ എവിടെയും പൗരന്മാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ഉണ്ട്, ചികിത്സക്കായി രോഗികളെ എത്തിക്കാന്‍ സൗകര്യമൊരുക്കണം, ദേശീയപാത അടക്കാന്‍ കര്‍ണാടകത്തിന് അവകാശമില്ലെന്നും കോടതി പറഞ്ഞു.

കാസര്‍കോട് റോഡുകള്‍ അടച്ച കര്‍ണാടകയുടെ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി പ്രതികരിച്ചിരുന്നത്. കര്‍ണാടകയുടെ നടപടി മനുഷ്യത്വ രഹിതമെന്ന് പറഞ്ഞ കോടതി, കോവിഡ് മൂലം മാത്രമല്ല മറ്റു കാരണങ്ങള്‍ കൊണ്ട് ആളുകള്‍ മരിച്ചാല്‍ ആര് ഉത്തരം പറയുമെന്നും ചോദിച്ചു. കേന്ദ്ര നിയന്ത്രണത്തിലുള്ള ഹൈവേ അടക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും മൗലികാവകാശ ലംഘനം ഉണ്ടായാല്‍ ഇടപെടാന്‍ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഉത്തരവ് നടപ്പാക്കുന്നതില്‍ ഒരു തരത്തിലുള്ള താമസവും ഉണ്ടാകരുത്. നിരവധിയാളുകള്‍ക്ക് ചികിത്സയ്ക്കും മറ്റുമായി മംഗലാപുരത്തേക്ക് പോകേണ്ടതുണ്ട്. ഒരു ജീവന്‍ പോലും ഇനി നഷ്ടപ്പെടരുതെന്നും ഉത്തരവില്‍ പറയുന്നു. ഇരു സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടാകണം. അതേസമയം, അതിര്‍ത്തി തുറക്കുന്ന വിഷയത്തില്‍ കേരള ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടകം സുപ്രിംകോടതിയെ സമീപിച്ചേക്കും. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിഷയമായതിനാല്‍ സുപ്രിംകോടതിയാണ് വിഷയത്തില്‍ തീരുമാനം പറയേണ്ടതെന്ന് കര്‍ണാടകം നേരത്തെ പറഞ്ഞിരുന്നു.

അതേസമയം കാസര്‍കോഡ് നിന്ന് ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്നായിരുന്നു കര്‍ണാടക എ.ജി ഹൈക്കോടതിയില്‍ പറഞ്ഞത്. കൂര്‍ഗ്, മംഗലാപുരം എന്നീ സ്ഥലങ്ങളില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാനാകില്ലെന്നും കര്‍ണാടക, ഹൈക്കോടതിയെ അറിയിച്ചിരുന്നു. രോഗികളെ പോലും കടത്തിവിടാത്ത കര്‍ണാടകത്തിന്റെ നടപടി മനുഷ്യത്വരഹിതമാണെന്നും മംഗലാപുരത്തേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതോടെ ആറുപേര്‍ ചികിത്സ കിട്ടാതെ മരിച്ചെന്നും കേരളം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.