ഞായറാഴ്ച ചര്‍ച്ച് സര്‍വീസിനു നേതൃത്വം നല്‍കിയ ഫ്‌ലോറിഡാ പാസ്റ്റര്‍ അറസ്റ്റില്‍

പി.പി.ചെറിയാന്‍

ഫ്‌ലോറിഡാ: സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കണമെന്ന ഉത്തരവ് നിലനില്‍ക്കെ നൂറുകണക്കിനു വിശ്വാസികളെ പള്ളിയില്‍ കൊണ്ടു വന്ന് ആരാധനക്ക് നേതൃത്വം നല്‍കിയ പാസ്റ്റര്‍ അറസ്റ്റില്‍ . മാര്‍ച്ച് 29 ഞായറാഴ്ച റ്റാംമ്പ റിവര്‍വ്യൂവിലുള്ള മെഗാ ചര്‍ച്ച് പാസ്റ്റര്‍ റോഡ്‌നി ഹൊവാര്‍ഡ് ബ്രൗണിയാണ് അറസ്റ്റിലായത്.പള്ളിയില്‍ നടന്ന ആരാധന ലൈവ് സ്ട്രീം ചെയ്യുകയും ആരാധനയ്ക്കായി വിശ്വാസികളെ പ്രത്യേകം ബസ്സുകള്‍ ഏര്‍പ്പാടു ചെയ്തു പള്ളിയില്‍ കൊണ്ടുവരികയും ചെയ്തു.

ഞായറാഴ്ച രാവിലെ രണ്ടു സര്‍വീസുകളാണ് പള്ളിയില്‍ ഉണ്ടായിരുന്നത്. ഫ്‌ലോറിഡായില്‍ നിലവിലുള്ള സോഷ്യല്‍ ഡിസ്റ്റന്‍സ് ഉത്തരവ് ലംഘിച്ചു ആരാധന നടത്തി നൂറുകണക്കിന് മനുഷ്യ ജീവന് ഭീഷണിയുയര്‍ത്തിയ പാസ്റ്ററെ അറസ്റ്റ് ചെയ്യുകയല്ലാതെ വേറൊരു മാര്‍ഗവുമില്ലെന്ന് ഹില്‍സബറൊ കൗണ്ടി ഷെറിഫ് മാര്‍ച്ച് 30ന് തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നാലായിരത്തിലധികം അംഗങ്ങളുള്ള ചര്‍ച്ചില്‍ ആളുകളെ കൂട്ടികൊണ്ടു വരുന്നതിനു പകരം ലൈവ് സ്ട്രീമിലൂടെ വിശ്വാസികളുടെ വീട്ടില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് പാസ്റ്റര്‍ ചെയ്യേണ്ടിയിരുന്നതെന്ന് കൗണ്ടി ഷെറിഫ് അറിയിച്ചു. പാസ്റ്ററുടെ നടപടി അങ്ങേയറ്റം കൃത്യവിലോപവും നിയമലംഘനവുമാണെന്ന് ഷെറിഫ് പറഞ്ഞു. രാജ്യം ഒട്ടാകെ കൊറോണ വൈറസിന്റെ ഭീഷിണിയില്‍ കഴിയുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിന് ഗവണ്‍മെന്റ് തലത്തില്‍ സ്വീകരിക്കുന്ന ഉത്തരവുകള്‍ പാസ്റ്റര്‍മാരുള്‍പ്പെടെ എല്ലാവരും അംഗീകരിക്കാന്‍ ബാധ്യസ്ഥരാണെന്നും ഷെറിഫ് കൂട്ടിച്ചേര്‍ത്തു.