സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 21 പേര്‍ക്ക് ; ഏഴ് ജില്ലകള്‍ തീവ്രബാധിതപ്രദേശങ്ങള്‍

ഇന്ന് സംസ്ഥാനത്ത് 21 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. അഞ്ച് പേര്‍ ഇടുക്കി സ്വദേശികളും രണ്ട് പേര്‍ കൊല്ലം സ്വദേശികളുമാണ്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ 286 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 256 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഒരുലക്ഷത്തിഅറുപത്തിഅയ്യായിരത്തി തൊള്ളായിരത്തി മുപ്പത്തിനാല് പേരാണ് നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തിഅറുപത്തി അയ്യായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റൊന്ന് പേര്‍ വീടുകളിലും 641 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 145 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8456 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതില്‍ 7622 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പിച്ചു.

ഇതുവരെ സംസ്ഥാനത്ത് രോഗബാധയുണ്ടായവരില്‍ 200 പേര്‍ വിദേശത്ത് നിന്ന് വന്ന മലയാളികളാണ്. ഏഴ് പേര്‍ വിദേശികളാണ്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയത് വഴിയായി 76 പേര്‍ക്ക് വൈറസ് ബാധിച്ചു. ഇതുവരെ രോഗം നെഗറ്റീവ് ആയത് 28 പേര്‍ക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളെ തീവ്രബാധിത പ്രദേശമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളെയാണ് തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചത്.