ഡോക്ടറുടെ കുറിപ്പടിയുണ്ടങ്കില്‍ മദ്യം ; സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശനം
ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ അമിത മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ. മൂന്നാഴ്ചത്തേക്കാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയതത്. ഇത്തരത്തില്‍ ഉത്തരവിറക്കിയതിന് ഹൈക്കോടതി സര്‍ക്കാരിനെ വാക്കാല്‍ വിമര്‍ശിച്ചു.
മദ്യ ഉപയോഗം മൂലം ജീവിതം തകരാറിലായവരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അധാര്‍മികവും നിയമവിരുദ്ധമായ ഉത്തരവ് സര്‍ക്കാറില്‍ നിന്ന് ഉണ്ടായിട്ടുള്ളതനായിരുന്നു ഡോക്ടര്‍മാരുടെ സംഘടന അടക്കമുള്ള ഹരജിക്കാരുടെ വാദം.
മദ്യാസക്തി ചികില്‍സയിലൂടെയോ ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയോ ഭേദപ്പെടുത്താനാകില്ലെന്ന തെറ്റായ സന്ദേശമാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ പൊതു സമൂഹത്തിന് ലഭിക്കുന്നതെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മദ്യാസക്തിയുള്ള എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ലന്നും മദ്യം കിട്ടാതെ വരുമ്പോള്‍ രോഗ ലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ടന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്.
ഇവരെ ചികത്സിക്കാനുള്ള സൗകര്യം സംസ്ഥാനത്തില്ല. മദ്യം നിരോധിച്ച സംസ്ഥാനങ്ങളില്‍ പോലും ഡോക്ടര്‍മാര്‍ക്ക് കുറിപ്പടി കൊടുക്കാന്‍ അനുമതി ഉണ്ട്. അത് പോലെ മാത്രമേ കേരളം ഉദ്ദേശിച്ചുള്ളൂവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇങ്ങനെ മദ്യം കൊടുത്താല്‍ അത് ചികിത്സയുടെ ഭാഗം ആവില്ല. മദ്യപാനി ആണെന്ന് മാത്രമല്ലേ പറയാന്‍ പറ്റൂവെന്നും കോടതി ചോദിച്ചു.