രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് ബുക്കിംഗുകള്‍ പുനരാരംഭിക്കുന്നു

ലോക് ഡൌണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14ന് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് ബുക്കിംഗുകള്‍ പുനരാരംഭിക്കാമെന്ന് സിവില്‍ ഏവയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി. 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടിയില്ലെങ്കിലാണ് വിമാന സര്‍വീസ് ബുക്കിംഗുകള്‍ ആരംഭിക്കാമെന്ന് മന്ത്രി പറഞ്ഞത്.

എന്നാല്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ കാര്യത്തില്‍ വ്യക്തമായ ഒരു ഉത്തരം മന്ത്രി നല്‍കിയില്ല. ഏത് രാജ്യത്ത് നിന്നാകും യാത്ര എന്നത് കണക്കിലെടുത്തിട്ടേ അന്താരാഷ്ട്ര വിമാനങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു.

ഏപ്രില്‍ 15 വരെയാണ് ഇന്ത്യയില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍. ഇതിന്റെ പശ്ചാത്തലത്തില്‍ വ്യോമയാന സര്‍വീസുകളും, ട്രെയിന്‍ ഗാതഗതവും നിര്‍ത്തി വച്ചിരുന്നു. രാജ്യത്തെ റോഡ് മാര്‍ഗമുള്ള പൊതുഗതാഗതവും നിര്‍ത്തിവച്ചിരുന്നു. അനാവശ്യ യാത്രകള്‍ വിലക്കിയ സര്‍ക്കാര്‍ ജനങ്ങള്‍ എവിടെയാണോ അവിടെ തുടരണമെന്നാണ് നിര്‍ദേശിച്ചത്. അതേസമയം റെയില്‍വേയും ഏപ്രില്‍ 15 നു ശേഷമുള്ള ബുക്കിംഗ് പുനരാരംഭിച്ചിട്ടുണ്ട്.