കൊറോണ ദുരിതം ; ജനങ്ങള്‍ക്കായി ഓഫീസ് വിട്ടുനല്‍കി ഷാരൂഖ് ഖാന്‍
ജനങ്ങള്‍ക്കായി വീടിന്റെ ഓഫീസ് ഭാഗം വിട്ടുനല്‍കി ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍. താരത്തിന്റെ മുംബൈയിലെ വീടിനോട് ചേര്‍ന്നുള്ള ഓഫീസ് കെട്ടിടമാണ് ഇപ്പോള്‍ ജനങ്ങള്‍ക്കായി വിട്ടുനല്‍കിയിരിക്കുന്നത്. ക്വാറന്റയിനില്‍ കഴിയുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയാണ് താരം നാല് നില കെട്ടിടം വിട്ടുകൊടുത്തിരിക്കുന്നത്.
മുംബൈയില്‍ മാത്രമല്ല, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഷാരൂഖിന്റെ സഹായ ഹസ്തമെത്തുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സഹായം നല്‍കുന്നു. കൂടാതെ വിശന്നുവലയുന്നവര്‍ക്ക് ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്യാനും ഷാരൂഖ് സഹായിക്കുന്നുണ്ട്.
നേരത്തെ കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യത്തെ ഭരണാധികാരികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഷാരൂഖ് അനുമോദിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ അതില്‍ ഉള്‍പ്പെടുന്നു. മിക്കവരും ഷാരൂഖിന്റെ സഹായങ്ങള്‍ക്ക് നന്ദി അറിയിച്ചു.
അതില്‍ കേജ്രിവാളിന് ഷാരൂഖ് നല്‍കിയ മറുപടി വാര്‍ത്തയായി. ‘എനിക്ക് നന്ദി പറയരുത്, പകരം ആജ്ഞ നല്‍കൂ’ എന്ന വാചകമാണ് കിംഗ് ഖാന്റെ ട്വീറ്റില്‍ ശ്രദ്ധേയമായത്. പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും താരം സംഭാവന നല്‍കിയിരുന്നു. ഏകദേശം എഴുപതുകോടി രൂപയാണ് താരം നല്‍കിയത് എന്ന് ചില മീഡിയകള്‍ വാര്‍ത്ത നല്‍കിയിരുന്നു.