ഓസ്ട്രിയയില്‍ കോവിഡ് മരണം 204 ആയി: രോഗികളുടെ എണ്ണം 11,900 കവിഞ്ഞു
വിയന്ന: ഓസ്ട്രിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 11,907 ആയി. ഏപ്രില്‍ 5ന് ഉച്ചകഴിഞ്ഞു ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചതുള്‍പ്പെടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 204 ആയി. അതേസമയം ഓസ്ട്രിയയില്‍ 244 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
രാജ്യത്തെ വിവിധ ഭാഗങ്ങളിലായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം റിപ്പോര്‍ട്ട് ചെയ്ത കേസുകളെക്കാള്‍ ഏറെ പേര്‍ സുഖം പ്രാപിച്ചതായി സ്ഥിരീകരണമുണ്ട്. വിയന്ന, ലോവര്‍ ഓസ്ട്രിയ, സ്റ്റയര്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ യഥാക്രമം 1,701, 1,903, 1311 പേരും, ബുര്‍ഗന്‍ലാന്‍ഡില്‍ 226 പേരും, കരിന്ത്യയില്‍ 319 പേരും, അപ്പര്‍ ഓസ്ട്രിയയില്‍ 1932 പേരും, തിരോളില്‍ 2704 പേരും, സാല്‍സ്ബുര്‍ഗില്‍ 1069 പേരും, ഫോറാള്‍ബെര്‍ഗില്‍ 742 പേര്‍ക്കുമാണ് വൈറസ് ബാധിച്ചത്.
ഏപ്രില്‍ 5 രാവിലെ 9:30നു വരെ ലഭിക്കുന്ന കണക്കുകള്‍ അനുസരിച്ച് തിറോള്‍ (35), അപ്പര്‍ ഓസ്ട്രിയ (20), ലോവര്‍ ഓസ്ട്രിയ (31), വിയന്ന (40) , സ്റ്റയമാര്‍ക്ക് (53), സാല്‍സ്ബുര്‍ഗ് (14), ഫോറാല്‍ബെര്‍ഗ് (4), കരിന്തിയ (4), ബുര്‍ഗന്‍ലാന്‍ഡ് (3) എന്നിങ്ങനെയാണ് രാജ്യത്ത് മരിച്ചവരുടെ കണക്കുകള്‍. ഓസ്ട്രിയയില്‍ ഇതുവരെ 2998 പേര് സുഖം പ്രാപിച്ചതായി റിപോര്‍ട്ടുണ്ട്.
അടിസ്ഥാന സേവനങ്ങള്‍ ഉറപ്പാക്കുന്നതോടൊപ്പം ഓരോ സ്ഥലത്തെയും സ്ഥിതിഗതികള്‍ രാജ്യം അതീവ ശ്രദ്ധയോടെ വിലയിരുത്തി വരികയാണ്. കൂടുതല്‍ വിവരങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഏപ്രില്‍ 6ന് സര്‍ക്കാര്‍ ജനങ്ങളെ അറിയിക്കും.