നന്ദി മമ്മൂക്ക ; മമ്മൂട്ടിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ഐക്യദീപം തെളിയിക്കലിന് പിന്തുണ അറിയിച്ച മലയാള സിനിമാ താരം മമ്മൂട്ടിയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാത്രിയില്‍ 9 മണിക്ക് 9 മിനിറ്റ് ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണ നല്‍കിയതിനാണ് മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് വീഡിയോ പങ്കിട്ടുക്കൊണ്ട് ട്വിറ്ററിലൂടെ പ്രധാനമന്ത്രി നന്ദി പറഞ്ഞത്.

‘നന്ദി, മമ്മുക്ക. ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള നിങ്ങളെപ്പോലുള്ളവരുടെ ഹൃദയംഗമമായ ആഹ്വാനമാണ് കോവിഡ് 19ന് എതിരായ പോരാട്ടത്തില്‍ നമ്മുടെ രാജ്യത്തിന് വേണ്ടത്’- എന്ന കുറിപ്പും പ്രധാനമന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്.

COVID-19 നെതിരായ പോരാട്ടത്തില്‍ നമ്മുടെ രാജ്യത്തിന് വേണ്ടത് നിങ്ങളുടേതുപോലുള്ള ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള ഹൃദയംഗമമായ ആഹ്വാനമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഇന്നലെയാണ് ഐക്യദീപം തെളിയിക്കലിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ മമ്മൂട്ടി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ദീപം തെളിയിക്കലിന് എല്ലാ പിന്തുണയും ആശംസകളും അര്‍പ്പിച്ച മമ്മൂട്ടി എല്ലാവരോടും പരിപാടിയില്‍ പങ്കാളികളാകണമെന്ന് തന്റെ ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം നല്‍കാനാണ് പ്രതീകാത്മകമായി ഒന്‍പത് മണി മുതല്‍ ഒന്‍പത് മിനിറ്റ് നേരം ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ചിരാതുകള്‍, മെഴുകുതിരികള്‍, ടോര്‍ച്ച്, മൊബൈല്‍ ഫ്ലാഷ് ലൈറ്റ് എന്നിവ തെളിയിക്കാമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.