ഇന്റര്‍നെറ്റില്‍ ലീക്കായി സൂം വീഡിയോകള്‍ ; ഞെട്ടലില്‍ ഉപയോക്താക്കള്‍

പ്രമുഖ വീഡിയോ കോള്‍ കമ്പനിയായ സൂമിന്റെ 15000-ലേറെ വീഡിയോകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഇതില്‍ നഗ്‌നചിത്രങ്ങള്‍, കമ്പനികളുടെ സാമ്പത്തിക വിവരങ്ങള്‍, തെറാപ്പി സെഷനുകള്‍, ക്ലാസുകള്‍ എന്നിവ ഉള്‍പ്പെടുന്നു. സൂം വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ ഏതൊരാള്‍ക്കും സെര്‍ച്ച് ചെയ്യാനും കാണാനും സാധിക്കുമെന്നാണ് കണ്ടെത്തല്‍.

കൊറോണ വൈറസ് മഹാാമാരിയെ തുടര്‍ന്ന് ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചിട്ടുള്ള അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ദശലക്ഷകണക്കിന് ആളുകള്‍ വീട്ടിലിരുന്നു വ്യാപകമായി സൂം വീഡിയോ കോള്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സൂമിന്റെ വലിയ സുരക്ഷാ വീഴ്ച പുറത്തുവരുന്നത്.

2019 ഡിസംബറില്‍ ഒരുകോടി ഉപയോക്താക്കളാണ് സൂമിന് ഉണ്ടായിരുന്നതെങ്കില്‍ 2020 മാര്‍ച്ചില്‍ അത് 20 കോടിയായി ഉയര്‍ന്നു. ഇതോടെയാണ് ഹാക്കര്‍മാര്‍ സൂമിനെ ലക്ഷ്യമിടാന്‍ തുടങ്ങിയതെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.

വീഡിയോകളില്‍ ഉപയോക്താക്കളുടെ പേരുകളും ഫോണ്‍ നമ്പറുകളും, ഒറ്റയ്ക്കുള്ള തെറാപ്പി സെഷനുകള്‍, ടെലിഹെല്‍ത്ത് പരിശീലന സെഷനുകള്‍, ചെറുകിട ബിസിനസ് ധനകാര്യ മീറ്റിംഗുകള്‍ എന്നിവയും ഉള്‍പ്പെടുന്നു, അതിനൊപ്പം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുഖങ്ങള്‍, ശബ്ദങ്ങള്‍, വ്യക്തിഗത വിശദാംശങ്ങള്‍ എന്നിവയും വെളിപ്പെടുന്നുണ്ട്.

ഓണ്‍പ്പണ്‍ ക്ലൌഡ് സ്റ്റോറേജ് സ്‌പേസ് ഉപയോഗിക്കുന്ന ഒരു സൌജന്യ ഓണ്‍ലൈന്‍ സെര്‍ച്ച് എഞ്ചിന്‍ വഴിയാണ് സ്വകാര്യത-സോഫ്‌റ്റ്വെയര്‍ ഡിസ്‌കണക്റ്റിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ പാട്രിക് ജാക്‌സണ്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്ന സൂം വീഡിയോകള്‍ കണ്ടെത്തിയത്. ‘ഇത് ആര്‍ക്കും അത്രപെട്ടെന്ന് കാണാനാകാത്ത കാര്യമാണ്. ഈ വീഡിയോകള്‍ പബ്ലിക്കിന് ലഭ്യമാകുമെന്ന കാര്യം സൂം ഉപയോഗിക്കുന്നവര്‍ക്ക് അറിയില്ലെന്നാണ് സംശയിക്കുന്നത്’- അദ്ദേഹം പറഞ്ഞു.

വീഡിയോകള്‍ സൂം വഴി റെക്കോര്‍ഡുചെയ്തുവെന്നും തുടര്‍ന്ന് ദുര്‍ബലമായ പാസ്വേഡ് ഹാക്ക് ചെയ്യപ്പെടുന്നതുവഴി ചോര്‍ത്തപ്പെടുകയുമാണ് ചെയ്യുന്നത്. ആമസോണ്‍ ബക്കറ്റുകള്‍ പോലുള്ള ഒരു പ്രത്യേക ഓണ്‍ലൈന്‍ സ്റ്റോറേജില്‍ സേവ് ആകുകയോ അല്ലെങ്കില്‍ YouTube, Vimeo എന്നിവയില്‍ അപ്ലോഡുചെയ്യപ്പെടുകയോ ആണ് ചെയ്യുന്നത്. വീഡിയോകള്‍ പിന്നീട് ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്യാനും കാണാനും ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും. ജാക്‌സണ്‍ നടത്തിയ അന്വേഷണത്തില്‍ 15,000 ത്തിലധികം സൂം വീഡിയോകള്‍ കണ്ടെത്തി.

സ്ഥിരമായി സൂം വീഡിയോ കോളുകള്‍ റെക്കോര്‍ഡുചെയ്യുന്നില്ലെങ്കിലും, പങ്കെടുക്കുന്നവരുടെ സമ്മതമില്ലാതെ ചിലപ്പോഴെങ്കിലും കോള്‍ ഹോസ്റ്റുകളെ റെക്കോര്‍ഡുചെയ്യാനും സൂമിന്റെ സെര്‍വറുകളിലേക്കോ കമ്പ്യൂട്ടറുകളിലേക്കോ സേവ് ചെയ്യുകയുമാണ് ഉണ്ടാകുന്നത്. എന്നിരുന്നാലും, ഒരു റെക്കോര്‍ഡിംഗ് ആരംഭിച്ചതായി പങ്കെടുക്കുന്നവരെ അറിയിക്കുന്നവരുണ്ട്.

സൂം വീഡിയോ ഓണ്‍ലൈനില്‍ പരസ്യമായി ലഭിക്കുമെന്ന വിവരം പുറത്തുവന്നതോടെ നിരവധി ഉപയോക്താക്കള്‍ ആശങ്കയുമായി രംഗത്തെത്തി. കമ്പനിക്കുള്ളില്‍ നടത്തിയ മീറ്റിങ്ങ് പുറത്തിടരുതെന്ന് ആവശ്യപ്പെട്ട് ഡോഗ്-ട്രെയിനിംഗ് കമ്പനിയായ പീസ് ഓഫ് മൈന്‍ഡ് കാനൈനിന്റെ ഉടമ ജാക്ക് ക്രാന്‍ സൂമിനോട് അഭ്യര്‍ഥിക്കുന്നു.

എന്നാല്‍ വീഡിയോകള്‍ സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാറുണ്ടെന്നാണ് സൂം അവകാശപ്പെടുന്നത്. മീറ്റിംഗില്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അതീവ ജാഗ്രത പാലിക്കാനും മീറ്റിംഗ് പങ്കാളികളുമായി വളരെ സുതാര്യമായി കോളില്‍ പങ്കെടുക്കാന്‍ നിര്‍ദേശിക്കണമെന്നും ഉപയോക്താക്കളോട് ആവശ്യപ്പെടാറുണ്ടെന്ന് സൂം വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.

അതേസമയം ഉപയോക്താക്കളുടെ വെബ്ക്യാമും അവരുടെ മൈക്രോഫോണും ഹാക്ക് ചെയ്യാന്‍ അനുവദിക്കുന്ന രണ്ട് ന്യൂനതകള്‍ കണ്ടെത്തിയതായി മുന്‍ എന്‍എസ്എ ഹാക്കര്‍ ഏപ്രില്‍ ഒന്നിന് ടെക്ക്രഞ്ചിനോട് പറഞ്ഞിരുന്നു.

അതിനിടെ സ്വകാര്യത ലംഘിച്ചുവെന്ന് ആരോപിച്ച് ഉപയോക്താക്കള്‍ സൂമിനെതിരെ രണ്ട് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും കമ്പനി നിലവില്‍ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലും എഫ്ബിഐയും അന്വേഷിക്കുന്നുണ്ടെന്നും വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്.