ഓസ്ട്രിയ ഒറ്റകെട്ടായി പൊരുതുന്നതിന്റെ നേര്‍ചിത്രം: പുതിയ റോഡുമാപ്പുമായി രാജ്യം കൊറോണ വൈറസിന്റെ പിടിയില്‍ നിന്നും കരകയറുന്നു
വിയന്ന: യൂറോപ്പ് തണുപ്പിന്റെ പിടിയില്‍ നിന്നും ഉണര്‍ന്നു വസന്തത്തെ വരവേല്‍ക്കുകയാണ് ഒപ്പം ഓസ്ട്രിയയും. അധികം വൈകാതെ ഓസ്ട്രിയയില്‍ ജനജീവിതം പതുക്കെ പതുക്കെ സാധാരണനിലയിലായേക്കുമെന്നാണ് സൂചന. അതിനുവേണ്ട ഒരു സമയ ക്രമീകരണം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് രാജ്യത്തിന്റെ 33കാരനായ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ ഉലയാന്‍പോയ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പുനരാരംഭിക്കാനുള്ള സമയക്രമീകരണമാണ് മന്ത്രിമാര്‍ ഏപ്രില്‍ ആറാം തിയതി രാവിലെ രാഷ്ട്രത്തെ അറിയിച്ചത്. വൈറസ് ബാധ ശക്തമായതിനുശേഷം നിര്‍ബന്ധമാക്കിയ ആദ്യ നടപടികള്‍ പിന്‍വലിക്കുന്നതിന്റെ മുന്നോടി ആയാണ് ഘട്ടം ഘട്ടമായുള്ള പുതിയ ക്രമീകരണങ്ങള്‍. ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സും അദ്ദേഹത്തിന്റെ തൊട്ടടുത്ത മന്ത്രി സഭാഗങ്ങളും ഏകദേശം എല്ലാ ദിവസങ്ങളും തന്നെ വാര്‍ത്തസമ്മേനത്തിലൂടെ രാജ്യത്തെ സ്ഥിതിഗതികളെ ജനങ്ങളെ അറിയിക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയ വിഭിന്നതകള്‍ മറന്നുള്ള ഈ പ്രവര്‍ത്തനം വൈറസ് ബാധയെ ചെറുക്കുന്നതിലെ ഏറ്റവും വലിയ മാതൃകയായി.
അതേസമയം എമര്‍ജന്‍സി ബ്രേക്ക് ഉള്ള ഒരു സമയക്രമീകരണമാണ് ഇതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. വൈറസ് ബാധയുടെ തോത് വീണ്ടും ഉയരുകയോ സ്ഥിതിഗതികള്‍ നിയന്ത്രാണതീതമാകുകയോ ചെയ്താല്‍ കാര്യങ്ങള്‍ വീണ്ടും പഴയരീതിയില്‍ പുനഃസ്ഥാപിക്കും. ഈസ്റ്ററിനു ശേഷം ഫ്‌ലവര്‍ ഗാര്‍ഡനുകള്‍ തുറക്കുന്നതില്‍ തീരുമാനം എടുക്കും.
ഈസ്റ്റര്‍ കഴിഞ്ഞു പ്രാബല്യത്തില്‍ വരുന്ന ക്രമീകരണങ്ങള്‍:
– ഏപ്രില്‍ 14 മുതല്‍ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ (400 സ്‌ക്വയര്‍ മീറ്റര്‍ വരെ വലിപ്പമുള്ള) വീണ്ടും തുറക്കാന്‍ കഴിയും. പ്രവേശന നിയന്ത്രണത്തിലൂടെ പരമാവധി ബിസിനസ് പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. അതോടൊപ്പം ഇനിയും അണുബാധ ഉണ്ടാകാതെ നോക്കാനും ശ്രമങ്ങള്‍ തുടരും
– ഉപഭോക്താക്കളും ജോലിക്കാരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ഏപ്രില്‍ 14 മുതല്‍ പൊതുഗതാഗത സമയത്തും മാസ്‌ക് നിര്‍ബന്ധമാക്കും. മാസ്‌ക് ലഭ്യമല്ലെങ്കില്‍, സ്വന്തമായി ഉണ്ടാക്കിയതോ, ഒരു തുണി അല്ലെങ്കില്‍ സ്‌കാര്‍ഫ് ഉപയോഗിക്കാം. ജോലിസ്ഥലത്ത്, തൊഴിലുടമകളും ജീവനക്കാരും സംയുക്തമായി ഈ കാര്യത്തില്‍ തീരുമാനമെടുക്കണം
– തുറന്നിരിക്കുന്ന സ്ഥാപനങ്ങളില്‍ അണുനശീകരണം ഉറപ്പാക്കണം
– മാളുകളും, ഹാര്‍ഡ്വെയര്‍ സ്റ്റോറുകളും ചെടികള്‍ വില്‍ക്കുന്ന നഴ്‌സറികളും തുറക്കാം
– മെയ് 1 മുതല്‍, ഹെയര്‍ഡ്രസിങ് തുടങ്ങിയ മറ്റു കടകളും കര്‍ശന വ്യവസ്ഥകളില്‍ തുറക്കാന്‍ കഴിയും
– മെയ് പകുതി മുതല്‍ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉള്‍പ്പെടെയുള്ള വാണിജ്യ കേന്ദ്രങ്ങള്‍ തുറന്നേക്കും
– മറ്റെല്ലാ സേവന മേഖലകളും എന്ന് തുറക്കാനാകുമെന്നതില്‍ ഏപ്രില്‍ അവസാനത്തോടെ തീരുമാനം ഉണ്ടാകും
ചുരുക്കത്തില്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് പുറമേ, ഈസ്റ്ററിന് ശേഷം പല ഷോപ്പുകളിലും ജനങള്‍ക്ക് പോകാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.
വിദ്യാഭ്യാസ മേഖലയിലും ഉണര്‍വ്വ് ഉണ്ടായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. അതേസമയം കര്‍ശനമായ വ്യവസ്ഥകളില്‍ മതുരയും അപ്രന്റീസ്ഷിപ്പുകളും നടത്താം. വീട്ടില്‍ കുട്ടികളെ നോക്കാന്‍ കഴിയുന്നില്ലെങ്കില്‍ കിന്റര്‍ഗാര്‍ട്ടനുകളിലോ സ്‌കൂളുകളിലോ അയക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ, സര്‍വകലാശാലകളിലെ കോഴ്‌സുകള്‍ ഡിജിറ്റലായി നടത്തണം. അതിനാല്‍ പരീക്ഷകള്‍ നടത്താനും സാധിക്കും.
ജൂണ്‍ അവസാനം വരെ പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നിരോധനം തുടരും. വേനല്‍ക്കാല പദ്ധതികള്‍ എന്തൊക്കെ സാധ്യമാകുമെന്ന് ഏപ്രില്‍ അവസാനത്തോടെ തീരുമാനിക്കും. ഷെങ്കന്‍ എക്‌സിറ്റ് നിയന്ത്രണങ്ങള്‍ ഏപ്രില്‍ അവസാനം വരെ നിലനില്‍ക്കും. എന്നിരുന്നാലും, കര്‍ശന പ്രവേശന നിയന്ത്രണങ്ങള്‍ ഉണ്ടാകും. മറ്റ് ആളുകളിലേക്കുള്ള ദൂരം സൂക്ഷിക്കുന്നുണ്ടോ എന്ന് പോലീസ് നിരീക്ഷിക്കും.