കൊറോണ വരുന്നത് മതം നോക്കി അല്ല ; എല്ലാവരും ഒരുമിക്കേണ്ട സമയമാണിതെന്ന് യോഗി ആദിത്യനാഥ്

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ എല്ലാവരും ഐക്യത്തോടെ നില്‍ക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ വിവിധ മതനേതാക്കളോടാണ് യോഗി ആദിത്യനാഥ് ഈ ആവശ്യം ഉന്നയിച്ചത്. ഞായറാഴ്ച വൈകുന്നേരം ലഖ്നൗവില്‍ വിവിധ മതങ്ങളില്‍പ്പെട്ട 377 ഓളം നേതാക്കളുമായി സംസാരിച്ച അദ്ദേഹം, ലോകം ഒരു മഹാമാരിയെ നേരിടുമ്പോള്‍ മതപരമായ വ്യത്യാസങ്ങളില്‍നിന്ന് മാറി സര്‍ക്കാരിനെ സഹായിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അഭ്യര്‍ഥിച്ചു.

കൊറോണ വൈറസ് നിങ്ങളില്‍ പിടിപെടുന്നതിന് മുമ്പ് നിങ്ങളുടെ മതമോ വിശ്വാസമോ മുഖമോ നോക്കില്ല, അതിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് നല്ലത്.’- യോഗി ആദിത്യനാഥ് പറഞ്ഞു. പകര്‍ച്ചവ്യാധിയില്‍നിന്ന് എങ്ങനെ സ്വയം രക്ഷപ്പെടാമെന്ന് പഠിപ്പിക്കുന്ന പുതിയ ഓഡിയോ ക്ലിപ്പുകള്‍ ആരാധനാലയങ്ങളില്‍ പ്ലേ ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഓരോ നാല് മണിക്കൂര്‍ കൂടുമ്പോഴും ആരാധനാലയങ്ങളില്‍ ഓഡിയോ ക്ലിപ്പുകള്‍ പ്ലേ ചെയ്യാമെന്ന ആശയം സുന്നി പുരോഹിതന്‍ മൗലാന കഹ്ലിദ് റഷീദ് ഫറംഗി മഹാലി മുന്നോട്ടുവെച്ചു. പൂര്‍ണ്ണ സഹകരണം ഉറപ്പാക്കിയ മതനേതാക്കള്‍ക്ക് റെക്കോര്‍ഡുചെയ്ത ഓഡിയോ ക്ലിപ്പുകള്‍ സര്‍ക്കാര്‍ ഉടന്‍ നല്‍കും.

എല്ലാ മതനേതാക്കളും തങ്ങളുടെ സ്വാധീനം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും എങ്ങനെ സുരക്ഷിതമായി മുന്നോട്ടുപോകാമെന്ന് ആളുകളെ ബോധവല്‍ക്കരിക്കണമെന്നും ആദിത്യനാഥ് ഊന്നിപ്പറഞ്ഞു. വൈറസ് വ്യാപനം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ട്, പക്ഷേ പെട്ടെന്ന് തബ്ലീഗി ജമാഅത്ത് മൂലം കേസുകളില്‍ വര്‍ദ്ധനവ് ഉണ്ടായി, എന്നിരുന്നാലും സ്ഥിതി ഇപ്പോഴും നിയന്ത്രണത്തിലാണ്. സംസ്ഥാനത്തെ ലോക്ക്‌ഡൌണ്‍ ഘട്ടം ഘട്ടമായി നീക്കംചെയ്യാം. പൊതുസ്ഥലങ്ങളില്‍ തടിച്ചുകൂടരുതെന്ന് ആളുകളെ പറഞ്ഞുമനസിലാക്കാന്‍ മതനേതാക്കളും മുന്നോട്ടുവരണം, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.