മലയാള ഭാഷയിലും വാട്സാപ്പില്‍ കോവിഡ് വിവരങ്ങള്‍ ലഭ്യമാക്കി ജി. സി.ഒ

ദോഹ: കോവിഡ്19നെക്കുറിച്ചുള്ള വിവരങ്ങളും ഏറ്റവും പുതിയ വിശദാംശങ്ങളും വാട്ട്സാപ്പിലൂടെ ലഭ്യമാക്കുന്നതിനായി ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍സ് ഓഫീസ്(ജിസിഒ) പുതിയ സേവനം തുടങ്ങി. കൊറോണ വൈറസിനെക്കുറിച്ചുള്ള കൃത്യവും വിശ്വസനീയവും കാലികവുമായ വിവരങ്ങളുടെ കേന്ദ്ര സ്രോതസ്സായിരിക്കും ഈ വാട്സാപ്പ്. കൊറോണ വൈറസ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് എന്ന പേരില്‍ യാന്ത്രിക ‘ചാറ്റ്ബോട്ട്’ സേവനമാണ് ജിസിഒ ലഭ്യമാക്കുന്നത്. കൊറോണ വൈറസിനെക്കുറിച്ചുള്ള ഏറ്റവും സാധാരണമായ ചോദ്യങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തില്‍നിന്നും ജിസിഒയില്‍ നിന്നും 24 മണിക്കൂറും ഖത്തറിലെ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും ഈ വാട്സാപ്പ് മുഖേന ഉത്തരം ലഭിക്കും.

മലയാളത്തിനു പുറമെ അറബിക്, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, നേപ്പാളി ഭാഷകളിലും മറുപടി ലഭിക്കും. കൊറോണ വൈറസ് പ്രതിരോധം, ഏറ്റവും പുതിയ കേസുകള്‍, വീട്ടില്‍തന്നെ തുടരാനുള്ള ഉപദേശം, യാത്രാ ഉപദേശം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നല്‍കും. വാട്സാപ്പില്‍ സൗജന്യ കൊറോണ വൈറസ് ഇന്‍ഫര്‍മേഷന്‍ സേവനം ലഭിക്കുന്നതിന് ഫോണില്‍ +974 6006 0601 എന്ന നമ്പര്‍ സേവ് ചെയ്യണം. തുടര്‍ന്ന് സേവനം ആരംഭിക്കുന്നത് ഏതെങ്കിലും ഭാഷയില്‍ ഈ വാട്സാപ്പ് നമ്പരിലേക്ക് സന്ദേശം അയക്കണം. tthps://wa.me/97460060601?text=Hi എന്ന ലിങ്ക് മുഖേനയും സേവനം ലഭിക്കുമെന്ന് ജിസിഒ മാധ്യമകാര്യങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ ശൈഖ് താമര്‍ ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. ഇതുപോലുള്ള ദുഷ്‌കരമായ സമയങ്ങളില്‍ ജനങ്ങള്‍ അവരുടെ സുഹൃത്തുക്കളുമായും കുടുംബവുമായും കമ്മ്യൂണിറ്റികളുമായും ബന്ധപ്പെടാനും പിന്തുണക്കാനും മുമ്പത്തേക്കാള്‍ കൂടുതല്‍ വാട്ട്സാപ്പ് ഉപയോഗിക്കുന്നതായി വാട്ട്സാപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ മാറ്റ് ഐഡെമ പറഞ്ഞു. വൈറസിനെക്കുറിച്ചുള്ള ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് വിശ്വസനീയവും സമയബന്ധിതവുമായ ആരോഗ്യ വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനം ഖത്തറിന് ലഭ്യമാക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്നും ഐഡെമ കൂട്ടിച്ചേര്‍ത്തു.