സുരക്ഷാ സംവിധാനങ്ങളുടെ ദൗര്‍ലഭ്യം; പ്രതിക്ഷേധവുമായി നഴ്സുമാര്‍ രംഗത്ത്

പി.പി. ചെറിയാന്‍

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് രോഗികളുടെ തീവ്രപരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നഴ്സുമാര്‍, തങ്ങളുടെ ജീവനു സംരക്ഷണം ഉറപ്പുവരുത്തുന്ന പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ്സിന്റെ ദൗര്‍ലഭ്യത്തില്‍ പ്രതിഷേധിച്ചു മന്‍ഹാട്ടനിലുള്ള മൗണ്ട് സീനായ് ഹോസ്പിറ്റലിനു മുന്‍പിലായിരുന്നു പ്രതിഷേധം. രോഗികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ കൊറോണ വൈറസ് രോഗത്തിന്റെ പിടിയിലമര്‍ന്നു സ്വന്തം ജീവന്‍ നഷ്ടപ്പെട്ട സഹപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപിടിച്ചാണ് പ്രതിഷേധ പ്രകടനക്കാര്‍ ആശുപത്രിക്ക് മുന്‍പില്‍ അണിനിരന്നത്. ആവശ്യത്തിനുള്ള സുരക്ഷാ സംവിധാനങ്ങള്‍ ലഭിക്കുന്നില്ല എന്നു മാത്രമല്ല മൂന്നു നഴ്സുമാര്‍ ചേര്‍ന്ന് 35 രോഗികളെയെങ്കിലും പരിചരിക്കേണ്ടി വരുന്നതായും പ്രകടനത്തില്‍ പങ്കെടുത്ത നഴ്സുമാര്‍ പറയുന്നു.

ഞങ്ങള്‍ പ്രത്യേകിച്ച് ഒന്നും തന്നെ ചോദിക്കുന്നില്ല. ഞങ്ങള്‍ ചെയ്യുന്ന ജോലി ഭയരഹിതമായി പൂര്‍ത്തികരിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം വേണമെന്നാണ് ആവശ്യപ്പെടുന്നത്. ആശുപത്രി വിതരണം ചെയ്യുന്ന N.95 മാസ്‌ക്കുകള്‍ ഡ്യൂട്ടി അവസാനിക്കുമ്പോള്‍ ഒരു ബ്രൗണ്‍ കവറിലാക്കി തിരിച്ചേല്‍പിക്കേണ്ടതായും വരുന്നു. പിന്നീട് ഇതു തന്നെ ഉപയോഗിക്കുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നു.

അതേസമയം മൗണ്ട് സീനായ് ആശുപത്രി അധികൃതര്‍ പറയുന്നത് ഞങ്ങളുടെ സ്റ്റാഫിന്റെ സുരക്ഷിതത്വത്തിനാണ് മുന്‍ഗണന നല്‍കുന്നത്. അവര്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഞങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കുന്നതിന് ശ്രമിക്കുന്നുവെന്നാണ്.