ഇന്ത്യയില്‍ നിന്ന് അമേരിക്ക ‘പിടിച്ചുവാങ്ങിയ’ മരുന്ന് കൊറോണക്ക് ഫലപ്രദമോ എന്നതില്‍ ഉറപ്പില്ല എന്ന് ഡോക്ടര്‍മാര്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയില്‍ നിന്നും പിടിച്ചു വാങ്ങിയ മരുന്ന് കൊറോണക്ക് ഫലപ്രദമോ എന്നതില്‍ ഉറപ്പില്ല എന്ന് ഡോക്ടര്‍മാര്‍. ദശാബ്ദങ്ങളായി മലേറിയക്കെതിരെ ഉപയോഗിച്ചുവരുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന മരുന്നാണ് ട്രംപ് പിടിച്ചു വാങ്ങിയത്. എന്നാല്‍, ഇപ്പോഴും ഈ മരുന്ന് കോവിഡ് രോഗികളില്‍ ഫലപ്രദമാണോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഒരു ഉറപ്പുമില്ലെന്നതാണ് വസ്തുത.

കോവിഡിനെതിരായ പോരാട്ടത്തില്‍ പ്രധാന മരുന്നായാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ട്രംപിന്റെ ആദ്യ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കകം അമേരിക്കയില്‍ കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന പ്രധാന മരുന്നുകളിലൊന്നായി ഹൈഡ്രോക്സിക്ലോറോക്വിന്‍ മാറി.

അമേരിക്കയിലെ ന്യൂയോര്‍ക്ക്, ലൂസിയാന, മസാച്ചുസെറ്റ്സ്, ഒഹിയോ, വാഷിംങ്ടണ്‍, കാലിഫോര്‍ണ്ണിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ആശുപത്രികള്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ രോഗികള്‍ക്ക് നല്‍കുന്നതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. മലേറിയക്കും പ്രതിരോധ വ്യവസ്ഥയുടെ താളം തെറ്റല്‍ പരിഹരിക്കുന്നതിനും നല്‍കുന്ന മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍.

അമേരിക്കയിലെ കോവിഡ് രോഗികളുടെ എണ്ണം മൂന്നരലക്ഷത്തിലേറെയാവുകയും പതിനായിരത്തിലേറെ പേര്‍ മരിക്കുകയും ചെയ്തതോടെ രാജ്യത്ത് വന്‍ ആശങ്കയാണ് പടരുന്നത്. തടയാനായില്ലെങ്കില്‍ കോവിഡ് മൂലം രണ്ടര ലക്ഷം അമേരിക്കക്കാരെങ്കിലും മരിക്കുമെന്നാണ് മുന്നറിയിപ്പ്.

ഹൈഡ്രോക്സിക്ലോറോക്വിന്‍ എഴുതാനായി രോഗികള്‍ പോലും ഡോക്ടര്‍മാരോട് നിര്‍ബന്ധിക്കുന്ന നിലയാണ് അമേരിക്കയിലുള്ളത്. ഇതിന്റെ പ്രധാന കാരണം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ. തനിക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ഈ മരുന്ന് കഴിക്കുമെന്ന് ശനിയാഴ്ച്ച ട്രംപ് പറഞ്ഞിരുന്നു. ഹൈഡ്രോക്സിക്ലോറോക്വിനും അസിത്രോമൈസിനും ചേര്‍ന്ന് കോവിഡ് രോഗികള്‍ക്ക് കൊടുക്കുമ്പോള്‍ മികച്ച ഫലമാണ് ലഭിക്കുന്നതെന്നും ഇത് വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിലെ തന്നെ നാഴികകല്ലാണെന്നും ട്രംപ് കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് തന്നെ കോവിഡിനെതിരായ ഔഷധമായി ഉയര്‍ത്തിക്കാണിച്ചതോടെ ഹൈഡ്രോക്സിക്ലോറോക്വിനായുള്ള ആവശ്യം ആകാശം തൊട്ടിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയിയില്‍ പ്രതിദിനം 40,000 ഹൈഡ്രോക്സിക്ലോറോക്വിനാണ് വേണ്ടിയിരുന്നതെങ്കില്‍ അമേരിക്കയില്‍ മാത്രം ഇപ്പോഴത് ഒരു ദിവസം 18 ലക്ഷം എന്നായി കുത്തനെ കൂടി. അതുകൊണ്ടുതന്നെ കിട്ടാവുന്ന എല്ലാ ഇടങ്ങളില്‍ നിന്നും ഈ മരുന്ന് സ്വന്തമാക്കുകയാണ് അമേരിക്ക.