മാനവരാശിക്ക് ഭീഷണിയായ മഹാമാരികള്‍ ; സ്മാള്‍ പോക്‌സ് അഥവാ വസൂരി
ബി എന്‍ ഷജീര്‍ ഷാ
മനുഷ്യരില്‍ കാണപ്പെടുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വസൂരി അഥവാ സ്‌മോള്‍ പോക്‌സ്. വരിയോല (വരിയോല മൈനര്‍, വരിയോല മേജര്‍) എന്നീ വൈറസുകള്‍ ആണ് ഈ രോഗത്തിനു കാരണം മലയാളത്തില്‍ അകമലരി എന്ന പേരിലും ഇതറിയപ്പെടുന്നു. ഇത് ശരീരത്തില്‍ ചര്‍മ്മത്തിലെ ചെറിയ രക്തക്കുഴലുകളില്‍ കേന്ദ്രീകരിക്കുകയും കുടുന്നുപൊങ്ങി കുമിളകള്‍ ആയി പുറത്തേക്ക് വരുകയും, ചലം നിറഞ്ഞ ഇവ പൊട്ടുകയും ചെയ്യും.
ക്രിസ്തുവിനും മുന്‍പ് ഉദ്ദേശം ബി.സി. 10,000-ല്‍ കാലഘട്ടത്തില്‍ ആണ് വസുരി മനുഷ്യരെ ബാധിക്കാന്‍ തുടങ്ങിയത്. ഈ അണുബാധയുടെ ഏറ്റവും ആദ്യത്തെ തെളിവ് റാംസെസ് അഞ്ചാമന്റെ മമ്മിയുടെ ശരീരത്തിലുണ്ടായിരുന്ന കുമിളയോടെ തടിച്ച പാടുകളാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ നാലു ലക്ഷം പേരെ വീതം ഓരോ വര്‍ഷവും ഈ അസുഖം യൂറോപ്പില്‍ കൊല്ലുന്നുണ്ടായിരുന്നുവത്രേ.ഭരണത്തിലിരിക്കുകയായിരുന്ന അഞ്ച് രാജ്യത്തലവന്മാരും ഈ പട്ടികയില്‍ പെടും. ആകെ അന്ധതയുടെ മൂന്നിലൊന്നും വസൂരി കാരണമായിരുന്നുവത്രേ. രോഗം ബാധിച്ചവരില്‍ 20-60% ആള്‍ക്കാര്‍ (കുട്ടികളില്‍ 80%-ലധികം) മരിച്ചുപോയിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ 30 കോടിക്കും 50 കോടിക്കും ഇടയില്‍ ആള്‍ക്കാര്‍ ഈ അസുഖം ബാധിച്ച് മരിച്ചിട്ടുണ്ട്. 1967-ല്‍ പോലും ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഒന്നരക്കോടി ആള്‍ക്കാര്‍ക്ക് രോഗം ബാധിക്കുകയും ഇരുപതു ലക്ഷത്തിലധികം ആള്‍ക്കാര്‍ മരിക്കുകയും ചെയ്തിരുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിലെയും പ്രതിരോധക്കുത്തിവയ്പ്പ് പരിപാടികളുടെ ഫലമായി 1979-ല്‍ വസൂരി നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു. ഇതുവരെ രണ്ട് സാംക്രമിക രോഗങ്ങളെ മാത്രമേ തുടച്ചുനീക്കാന്‍ മനുഷ്യര്‍ക്ക് സാധിച്ചിട്ടുള്ളൂ. വസൂരിയാണ് ഇതിലൊന്ന്. റിന്‍ഡര്‍പെസ്റ്റ് എന്ന അസുഖം 2011-ല്‍ ഇല്ലാതെയാക്കിയതായി പ്രഖ്യാപിച്ചതാണ് ഇത്തരത്തിലെ രണ്ടാമത്തെ സംഭവം.
സ്‌മോള്‍ പോക്‌സ് എന്ന പേര് പതിനഞ്ചാം നൂട്ടണ്ടില്‍ ബ്രിട്ടനില്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടത് ‘ഗ്രേറ്റ് പോക്‌സുമായി’ (സിഫിലിസ്) വേര്‍തിരിക്കാനായിരുന്നു.[2] 1977 ഒക്‌റ്റോബര്‍ 26-നാണ് സ്വാഭാവികമായി ഉണ്ടാകുന്ന അവസാന വസൂരീ രോഗബാധയുണ്ടായത്.
വേരിയോള മേജര്‍ എന്നയിനം വൈറസാണ് കൂടുതല്‍ അപകടകരമായ രോഗബാധയുണ്ടാക്കുന്നത്. ഇതു ബാധിക്കുന്നവരില്‍ മരണനിരക്ക് 30-35% ആയിരുന്നു. വേരിയോള മൈനര്‍ താരതമ്യേന അപകടം വളരെക്കുറഞ്ഞ അസുഖമാണുണ്ടാക്കുന്നത്. ഇതു ബാധിക്കുന്നവരില്‍ ഒരു ശതമാനം മാത്രമേ മരിക്കാറുള്ളൂ. അലാസ്ട്രിം, കോട്ടന്‍ പോക്‌സ്, മില്‍ക്പോക്‌സ്, വൈറ്റ്‌പോക്‌സ്, ക്യൂബന്‍ ഇച്ച് എന്നീ പേരുകളിലും വേരിയോള മൈനര്‍ ബാധ അറിയപ്പെട്ടിരുന്നു. വേരിയോള മേജര്‍ ബാധയുടെ ദീര്‍ഘകാല പ്രശ്‌നം കുമിളകള്‍ പൊട്ടുകയും രോഗാണുബാധയും കാരണമുണ്ടാകുന്ന വടുക്കളായിരുന്നു. മുഖത്താണ് ഇത് സാധാരണയായി ഉണ്ടാവുക. രോഗബാധയില്‍ നിന്ന് രക്ഷപെട്ട 65-85% ആള്‍ക്കാരിലും ഇത്തരം വടുക്കള്‍ കാണപ്പെട്ടിരുന്നു. [6] കോര്‍ണിയയെ രോഗം ബാധിക്കുന്നത് അന്ധതയ്ക്കും കാരണമാകുമായിരുന്നു. സന്ധിവേദന, ഓസ്റ്റിയോ മയലൈറ്റിസ് എന്നിവ മൂലം 2-5% പേരില്‍ അംഗവൈകല്യം ഉണ്ടാകാറുണ്ടായിരുന്നുവത്രേ.
വേരിയോള മേജര്‍, വേരിയോള മൈനര്‍ എന്നിങ്ങനെ അസുഖത്തിന് രണ്ടു തരങ്ങളുണ്ട്. വേരിയോള മേജറാണ് ഇതില്‍ കൂടുതല്‍ അപകടകരവും പരക്കെ കാണപ്പെട്ടിരുന്നതുമായ തരം. രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാത്ത തരം രോഗബാധ വേരിയോള വൈറസുകള്‍ മൂലം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇവ സാധാരണമല്ലായിരുന്നു. പ്രതിരോധക്കുത്തിവയ്‌പ്പെടുത്ത ആള്‍ക്കാരില്‍ വേരിയോള സൈന്‍ ഇറപ്ഷിയോണ്‍ എന്നയിനം കുമിളകള്‍ ഉണ്ടാകാത്ത ഇനം വസൂരി കാണപ്പെടുമായിരുന്നു. രോഗാണുക്കളുടെയോ ആന്റിബോഡികളുടെയോ സാന്നിദ്ധ്യവും രോഗാണുബാധയുണ്ടായി കൃത്യസമയത്തിനു ശേഷമുണ്ടാകുന്ന പനിയുമായിരുന്നു ഈ രോഗം തിരിച്ചറിയാന്‍ സഹായകമായിരുന്നത്.
രോഗാണുബാധയ്ക്കും ആദ്യ രോഗലക്ഷണത്തിനും തമ്മില്‍ സാധാരണഗതിയില്‍ 12 ദിവസത്തെ ഇടവേളയാണുണ്ടാവുക (ഇന്‍ക്യുബേഷന്‍ പീരിയഡ്). ശ്വാസത്തിലൂടെയാണ് രോഗാണുബാധയുണ്ടാവുന്നത്. വായയുടെയോ ശ്വാസനാളത്തിന്റെയോ ആവരണം (മ്യൂക്കോസ) കടന്ന് ഉള്ളിലെത്തുന്ന വൈറസ് ലിംഫ് ഗ്രന്ഥികളില്‍ എത്തി പെരുകാന്‍ തുടങ്ങും. വളര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ വൈറസ് കോശത്തില്‍ നിന്ന് കോശത്തിലേയ്ക്ക് നേരിട്ട് പടരുമെങ്കിലും 12-ആം ദിവസത്തോടെ കോശങ്ങള്‍ പൊട്ടുകയും ധാരാളം വൈറസുകള്‍ രക്തത്തില്‍ ഒരുമിച്ചെത്തുകയും ചെയ്യും.
ഇതിനെ വൈറീമിയ എന്നാണ് വിളിക്കുന്നത്. ഇതെത്തുടര്‍ന്ന് പ്ലീഹ, മജ്ജ, ദൂരെയുള്ള ലിംഫ് ഗ്രന്ഥികള്‍ എന്നിവിടങ്ങളില്‍ വൈറസ് എത്തിപ്പെടും. ഇന്‍ഫ്‌ലുവന്‍സ, ജലദോഷം എന്നിവയോട് സാമ്യമുള്ള രോഗലക്ഷണങ്ങളാണ് ആദ്യം ഉണ്ടാവുക: 38.5°C എങ്കിലും ചൂട്, പേശീവേദന, വല്ലായ്മ, തലവേദന, കിടപ്പിലാവുക എന്നിവയാണ് ലക്ഷണങ്ങള്‍. പചനവ്യൂഹം സാധാരണഗതിയില്‍ ബാധിതമാവുന്നതുകൊണ്ട് ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാവാറുണ്ട്. ഈ ലക്ഷണങ്ങള്‍ 2-4 ദിവസം കാണപ്പെടും. 12-15 ദിവസമാകുമ്പോള്‍ എനാന്തം എന്നറിയപ്പെടുന്ന ചെറിയ ചുവന്ന പാടുകള്‍ വായിലെയും തൊണ്ടയിലെയും മ്യൂക്കസ് ആവരണത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. ഇതോടെ ശരീരതാപനില സാധാരണയായി മാറും. ഈ പാടുകള്‍ വലുതായി പൊട്ടുകയും ഉമിനീരില്‍ ധാരാളം വൈറസുകളെ എത്തിക്കുകയും ചെയ്യും.
പ്രതിരോധക്കുത്തിവയ്‌പ്പെടുക്കാത്തവരില്‍ തൊണ്ണൂറുശതമാനത്തിനെയും ബാധിച്ചിരുന്ന അസുഖം ഓര്‍ഡിനറി (സാധാരണ വസൂരി) എന്ന ഇനത്തില്‍ പെട്ടതായിരുന്നു. ഇത്തരം അസുഖത്തില്‍ ചുവന്നുതടിപ്പുണ്ടായി രണ്ടാം ദിവസം മുതല്‍ മാക്യൂളുകള്‍ ഉയര്‍ന്ന പാപ്യൂളുകളായി മാറും. മൂന്നാം ദിവസമോ നാലാം ദിവസമോ പാപ്യൂളുകളില്‍ കലങ്ങിയ ചലം നിറയുകയും ഇവ കുമിളകള്‍ (വെസിക്കിളുകള്‍) ആയി മാറുകയും ചെയ്യും. ഈ ചലം 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ പഴുപ്പുപോലെയായി മാറും.
ആറോ ഏഴോ ദിവസത്തോടെ തൊലിയിലെ എല്ലാ കുമിളകളും പഴുപ്പു നിറഞ്ഞ രൂപത്തിലായിത്തീരും. ഏഴു മുതല്‍ പത്തുവരെ ദിവസം കൊണ്ട് ഈ കുമിളകള്‍ ഏറ്റവും വലിപ്പമുള്ള അവസ്ഥയിലെത്തും. ഇവ ഉയര്‍ന്നതും വട്ടത്തിലുള്ളതും തൊട്ടാല്‍ മൃദുവല്ലാത്തതും (firm) ആണ്. ഇവ തൊലിയിലെ ആഴത്തിലുള്ള പാളിയായ ഡെര്‍മിസ് വരെ വ്യാപിച്ചിട്ടുണ്ടാവും. ഇതില്‍ നിന്ന് ദ്രാവകം സാവധാനത്തില്‍ ഒലിച്ചു പോവുകയും രണ്ടാഴ്ച്ചയോടെ ഇവ ചുരുങ്ങി ഉണങ്ങി പൊറ്റ മൂടിയ നിലയിലാവും. 16-20 ദിവസമാകുമ്പോള്‍ എല്ലാ കുമിളകളും പൊറ്റമൂടിയ അവസ്ഥയിലായിരിക്കും. പൊറ്റകള്‍ ഇളകിപ്പോകാനും തുടങ്ങിയിട്ടുണ്ടാവും. ഇളം നിറത്തിലുള്ള വടുക്കളാവും പൊറ്റകള്‍ക്കടിയില്‍ കാണപ്പെടുക.
ഇത്തരം അസുഖത്തിലെ ചുവന്നുതടിപ്പ് ഒന്നിനോടൊന്ന് ചേര്‍ന്നായിരിക്കില്ല കാണപ്പെടുന്നത്. മുഖത്തായിരിക്കും ഏറ്റവും കൂടുതല്‍ പാടുകള്‍ കാണപ്പെടുന്നത്. കൈകാലുകളില്‍ ശരീരത്തിലുണ്ടാവുന്നതിനേക്കാള്‍ കൂടുതല്‍ വടുക്കളുണ്ടാവും. കൈപ്പത്തിയും കാല്പത്തിയും ഭൂരിപക്ഷം കേസുകളിലും കുമിളകള്‍ കാണപ്പെടും. ചിലപ്പോള്‍ കുമിളകള്‍ ഒന്നു ചേര്‍ന്ന് തൊലിയുടെ പുറം പാളി ഒരുമിച്ച് ഇളകിപ്പോകുന്ന സ്ഥിതി കാണപ്പെട്ടേയ്ക്കാം. ഇങ്ങനെ കുമിളകള്‍ ഒരുമിച്ചു ചേരുന്നവരില്‍ മരണനിരക്ക് 62% വരെ ആകാറുണ്ട്.
അതേസമയം ആദ്യമായി വിജകരമായി നല്‍കിയ വാക്‌സിനാണ് വസൂരി വാക്‌സിന്‍. 1796 -ല്‍ എഡ്വേഡ് ജന്നര്‍ ആണ് ഇത് വിജയകരമായി പരീക്ഷിച്ചത്. പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകരില്‍ ഒരിക്കല്‍ കൗപൊക്‌സ് ഉണ്ടായവരില്‍ പിന്നെ വസൂരി ഉണ്ടാവാറില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു. Variolae vaccinae (അതായത് പശുക്കള്‍ക്ക് ഉണ്ടാകുന്ന വസൂരി) എന്ന വാക്കില്‍ നിന്നാണ് വാക്‌സിന്‍ എന്ന വാക്ക് ഉണ്ടായത്. ജെന്നര്‍ തന്നെയാണ് ഈ വാക്കിനും രൂപം നല്‍കിയത്. ജന്നറുടെ സുഹൃത്തായ റിച്ചാഡ് ഡന്നിംഗ് 1800 -ല്‍ ഈ വാക്ക് അച്ചടിയിലും ഉപയോഗിച്ചു. ആദ്യം വസൂരിക്ക് മാത്രം ഉപയോഗിച്ചുവന്ന ഈ വാക്ക് 1881 -ല്‍ ലൂയി പാസ്റ്റര്‍ ജന്നറുടെ ബഹുമാനാര്‍ത്ഥം എല്ലാത്തരം വാക്‌സിനേഷനുകള്‍ക്കും ഉപയോഗിച്ചുതുടങ്ങുകയായിരുന്നു.