അമേരിക്കയില്‍ അഞ്ച് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധ കാരണം അമേരിക്കയില്‍ അഞ്ച് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ വൈറസ് ബാധ കാരണം അമേരിക്കയില്‍ മാത്രം മരിച്ച മലയാളികളുടെ എണ്ണം 15 ആയി. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ മരിച്ചത്. മരിച്ചവരില്‍ 21 കാരനായ യുവാവുമുണ്ട്.

21കാരനായ, കോഴിക്കോട് കോടഞ്ചേരി സ്വദേശി പോള്‍ ആണ് ടെക്‌സസില്‍ മരിച്ചത്. കോടഞ്ചരി വേളംകോട് ഞാളിയത്ത് റിട്ട.ലെഫ് റ്റനന്റ് കമാന്‍ഡര്‍ സാബു എന്‍ ജോണിന്റെ മകനാണ് പോള്‍. ആശുപത്രിയില്‍ നിന്നാണ് ഇയാള്‍ക്ക് കോവിഡ് ബാധിച്ചത്.

64 കാരനായ കോഴഞ്ചേരി തെക്കേമല ലാലു പ്രതാപ് ജോസ് മരിച്ച മറ്റൊരാള്‍. മാര്‍ച്ച് 16 മുതല്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് പുലര്‍ച്ചെ 4നാണ് ലാലു പ്രതാപിന്റെ മരണം സംഭവിച്ചത്. ന്യൂയോര്‍ക്ക് മെട്രോ പോളിറ്റന്‍ ട്രാന്‍സിറ്റ് അതോറിറ്റി ട്രാന്‍പോര്‍ട്ട് കണ്ട്രോളര്‍ ആയിരുന്നു.

ന്യൂയോര്‍ക്ക് ഹൈഡ്പാര്‍ക്കില്‍ വെച്ച് മരിച്ച തൊടുപുഴ കരിങ്കുന്നം സ്വദേശിയായ 80കാരി മറിയാമ്മ മാത്യു, ന്യൂയോര്‍ക് റോക്ലാന്‍ഡിലും വെച്ച് മരിച്ച 82 കാരനായ തൃശൂര്‍ സ്വദേശി ടെന്നിസണ്‍ പയ്യൂര്‍, ന്യൂജഴ്‌സിയിലെ താമസക്കാരിയായ അന്നമ്മ സാം എന്നിവരാണ് മറ്റു മൂന്നു പേര്‍. അതി ഭീകരമായ അവസ്ഥയാണ് അമേരിക്കയില്‍ ഇപ്പോള്‍. രോഗം ബാധിച്ചവരില്‍ ഇനിയും ധാരാളം മലയാളികള്‍ ഉണ്ട് എന്നാണ് വിവരം.