വര്‍ക്ക് ഷോപ്പുകള്‍ ഞായറും വ്യാഴവും തുറക്കാം; പഞ്ചറൊട്ടിക്കല്‍ 24 മണിക്കൂറും

നിലവിലെ ലോക് ഡൌണ്‍ നീട്ടുമോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നതിനു മുന്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. വര്‍ക്ഷോപ്പുകളും സ്‌പെയര്‍ പാര്‍ട്‌സ് കടകളും തുറക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഞായര്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണിവരെ പ്രവര്‍ത്തിക്കാം. അടിയന്തര സ്വഭാവമുള്ള ജോലികള്‍ മാത്രമേ ചെയ്യാനാകൂ. ഇന്‍ഷ്വറന്‍സ് ക്ലെയിമുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതിന് തടസമില്ല.

ടയറുകള്‍, ഓട്ടോമോട്ടിവ് ബാറ്ററികള്‍ എന്നിവ അറ്റകുറ്റപ്പണി നടത്തുന്ന വര്‍ക്ഷോപ്പുകള്‍ക്കും പ്രവര്‍ത്തിക്കാം. ഇന്‍ഷ്വറസ് ക്ലെയിമുമായി ബന്ധമില്ലാത്ത ചെറിയ പണികള്‍, പെയിന്റിംഗ്, അപ്‌ഹോള്‍സറി, കാറുകളും ബൈക്കുകളും കഴുകല്‍ തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ ലോക്ഡൗണ്‍ കാലത്ത് അനുവാദമില്ല.

മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ടയര്‍ റിപ്പയര്‍ തുടങ്ങിയ വിഭാഗങ്ങളുടെ കട തുറക്കാതെയുള്ള ഓണ്‍ റോഡ് സര്‍വീസും റോഡ് സൈഡ് സര്‍വീസും 24 മണിക്കൂറും പ്രവര്‍ത്തിക്കാം. ചരക്ക് നീക്കം തടസ്സപെടാത്ത സാഹചര്യത്തില്‍ ഹൈവേകളിലടക്കം ഇത്തരം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാം.

വര്‍ക് ഷോപ്പുകളെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 15 ജീവനക്കാരും അതിലധികവും ഉള്ളവര്‍ കാറ്റഗറി എയില്‍. 8 മുതല്‍ 14 ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ കാറ്റഗറി ബിയില്‍. മൂന്ന് മുതല്‍ ഏഴ് ജീവനക്കാര്‍വരെയുള്ള സ്ഥാപനങ്ങള്‍ കാറ്റഗറി സിയില്‍. രണ്ട് ജീവനക്കാര്‍വരെയുള്ള സ്ഥാപനങ്ങള്‍ കാറ്റഗറി ഡിയില്‍.

എ കാറ്റഗറിയിലുള്ള സ്ഥാപനങ്ങളില്‍ എട്ട് ജീവനക്കാര്‍ക്കും ബി കാറ്റഗറിയില്‍ അഞ്ച് ജീവനക്കാര്‍ക്കും സി കാറ്റഗറിയില്‍ മൂന്ന് ജീവനക്കാര്‍ക്കും ഡി കാറ്റഗറിയില്‍പ്പെട്ട സ്ഥാപനത്തില്‍ ഒരു ജീവനക്കാരനും ജോലി ചെയ്യാം. ബാര്‍ബര്‍ ഷോപുകള്‍ അടക്കമുള്ള കടകള്‍ക്കും സര്‍ക്കാര്‍ വൈകാതെ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും.