‘കൊറോണ’ പഠിപ്പിച്ച വിലയേറിയ തിരിച്ചറിവ്

ജോസിലിന്‍ തോമസ്, ഖത്തര്‍

ലോകജനത കോവിഡ് 19 എന്ന മഹാവ്യാധിയ്ക്ക് മുന്‍പില്‍ മരവിച്ചു നില്‍ക്കുന്ന സമയമാണിത്. ദൈവകരുണയ്ക്കായ് തീഷ്ണമായി പ്രാര്‍ത്ഥിക്കാനും ശക്തമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളാനും മാത്രമേ നമുക്ക് ഈ അവസ്ഥയില്‍ സാധിക്കുകയുള്ളു. മഹാവ്യാധി തന്നു കൊണ്ടിരിക്കുന്ന ദുരിതത്തിലും അത് നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന തിരിച്ചറിവിന്റെ പാഠങ്ങള്‍ ഒരിക്കലും മറക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. പണത്തിന് മീതേ പരുന്തും പറക്കില്ലെന്ന പഴംചൊല്ല് കൊറോണയ്ക്ക് മുകളില്‍ ഒരു വിമാനവും പറക്കില്ല എന്നായി.

ആവശ്യത്തിനും അനാവശ്യത്തിനും വിറളി പിടിച്ച് ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ നിശ്ചലമായപ്പോള്‍ ഭൂമി നേരാംവണ്ണം ശ്വസിക്കാന്‍ തുടങ്ങി. കാര്‍ഡ് ഇട്ടാല്‍ പണം കിട്ടുന്ന ATM മെഷീന്‍ പോലെ പണം കൊടുത്താല്‍ പണി എടുക്കുന്ന ആളുകള്‍ എന്ന നിലയില്‍ ജോലിയില്‍ സഹായിക്കുന്നവരെ കണ്ടിരുന്നവര്‍ അവര്‍ ചെയ്തു തന്നിരുന്ന സേവനങ്ങള്‍ക്ക് വിലയിടാന്‍ പറ്റില്ല എന്ന് തിരിച്ചറിഞ്ഞു. സമയക്കുറവും സൌകര്യവും ന്യായങ്ങളായി പറഞ്ഞ് ഒരാഴ്ചയില്‍ തന്നെ പല തവണ ഹോം ഡെലിവറി ഫുഡും dine out ഉം ശീലിച്ചവര്‍ കുറഞ്ഞ ചെലവില്‍ പോഷകപ്രദമായ ഭക്ഷണം വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ പഠിച്ചു.

നിരപരാധികളെ കൊന്നൊടുക്കി നേടിയെടുത്ത യുദ്ധവിജയങ്ങള്‍, ലോകം മുഴുവന്‍ നശിപ്പിക്കാന്‍ കഴിവുള്ള ആണവശക്തി ഇവയൊന്നും സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ ഉപകരിക്കില്ലെന്ന് ലോകരാഷ്ട്രങ്ങളും മനസിലാക്കി. സ്വന്തം സുരക്ഷപോലും മറന്ന് മനുഷ്യജീവന്‍ രക്ഷിക്കാനായി ആഹോരാത്രം യത്‌നിക്കുന്ന മെഡിക്കല്‍ പ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, പോലീസ് സേന തുടങ്ങി മികച്ച ഭരണകര്‍ത്താക്കള്‍ എന്നിവരും മനുഷ്യസ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ശരിയായ നിര്‍വചനം ഒരിക്കല്‍ക്കുടി നമ്മെ കാണിച്ചു തന്നുകൊണ്ടിരിക്കുന്നു. മനുഷ്യന്‍ വീട്ടിനകത്ത് പൂട്ടി ഇരിക്കേണ്ടി വന്നപ്പോള്‍ നമ്മുടെ നയന സുഖത്തിനായി മാത്രം കൂട്ടില്‍ അടയ്ക്കപ്പെട്ട കിളികളുടെയും മറ്റ് മൃഗങ്ങളുടെയും നിസഹായാവസ്ഥയും വേദനയും ചിലര്‍ക്കെങ്കിലും ഓര്‍മ്മ വന്നു.

വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ തിരക്ക് അവസാനിച്ചപ്പോള്‍ പുറത്ത് കെട്ടി വെച്ചിരുന്ന തടി കസേരയുടെ ഭാരത്തില്‍ നിന്ന് ആനകള്‍ക്കും മോചനം കിട്ടി. തടാകങ്ങളിലേയ്ക്ക് അരയന്നങ്ങളും മറ്റ് ജല ജീവികളും സ്വതന്ത്രമായി സഞ്ചരിക്കാന്‍ ആരംഭിച്ചു. മരിക്കേണ്ടി വന്നാലും എല്ലാ ദിവസവും കുളിക്കില്ലെന്ന് ദൃഡപ്രതിജ്ഞ എടുത്തവര്‍ പോലും സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകലും കുളിയും ശീലമാക്കി. വീട്ടില്‍ ഇരിക്കുന്ന പെണ്ണുങ്ങള്‍ക്ക് പണിയൊന്നുമില്ലേ എന്ന് വിലപിച്ചുകൊണ്ടിരുന്നവര്‍ സ്ഥിരം വീട്ടില്‍ ഇരുപ്പ് തുടങ്ങിയപ്പോള്‍ വീട്ടുപണിയും അത്ര നിസാരമല്ലെന്ന് സമ്മതിച്ചു.

ഒന്നിനും സമയം തികയാതെ ഇരുന്നവര്‍ക്ക് ഇപ്പോള്‍ എല്ലാത്തിനും സമയം ഉണ്ട്. അത്യാവശ്യം, ആവശ്യം, അനാവശ്യം ഈ രീതിയില്‍ തരം തിരിച്ച് കാര്യങ്ങള്‍ ചെയ്താല്‍ സമയം തികയാതെ വരില്ലെന്ന് തിരിച്ചറിഞ്ഞു. സാധാരണ ജീവിതത്തിലേയ്ക്ക് നാം തിരിച്ചു വരുമ്പോള്‍ ഈ കാലഘട്ടം പഠിപ്പിച്ച വിലയേറിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നാം ജീവിക്കണം. നമ്മളെ പോലെ തന്നെ ജീവിക്കാന്‍ അവകാശമുള്ള ജീവജാലങ്ങളെയും ഭൂമിയെയും നോവിക്കാതെ ജീവിക്കാന്‍ ഉള്ള തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.