ഗള്‍ഫില്‍ ഉള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കണം ; ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു ദുബൈ KMCC
യുഎഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ദുബൈ കെഎംസിസി കേസ് ഫയല്‍ ചെയ്തു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യയില്‍ എത്തിക്കാന്‍ അനുമതി നല്‍കണം. തിരികെ എത്തിക്കുന്നവരെ ക്വാറന്റൈന്‍ ചെയ്യാനും ചികിത്സ നല്‍കാനും നടപടി വേണമെന്നും കെ എം സി സി ആവശ്യപ്പെട്ടു.
മറ്റു വിദേശരാജ്യങ്ങള്‍ കുടുങ്ങിക്കിടക്കുന്ന അവരുടെ പൗരന്മാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുന്നത് ഇന്ത്യ മാതൃകയാക്കണം. വിദേശകാര്യമന്ത്രിക്കും സ്ഥാനപതിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടും അനുകൂല തീരുമാനമില്ലെന്നും ഹര്‍ജിയില്‍ ദുബായ് കെഎംസിസി ചൂണ്ടിക്കാട്ടി. ലേബര്‍ ക്യാമ്പുകളില്‍ ജോലിയും ഭക്ഷണവും ഇല്ലാതെ കുടുങ്ങിക്കിടക്കുന്നവരെയടക്കം അടിയന്തരമായി നാട്ടില്‍ എത്തിക്കണമെന്നാണ് ആവശ്യം. കേസ് ശനിയാഴ്ച പരിഗണിക്കും.
രാജ്യത്ത് നിലവില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കെഎംസിസി ദുബായ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. ചാര്‍ട്ടഡ് വിമാനങ്ങളില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയാറാണെന്ന് എമിറേറ്റ്സ്, ഫ്‌ളൈ ദുബായ് കമ്പനികള്‍ അറിയിച്ചിട്ടും സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ല. സന്നദ്ധതയറിയിച്ച വിമാനകമ്പനികള്‍ വഴി കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും നാട്ടില്‍ എത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാനമന്ത്രാലയത്തിനും നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. തിരികെയെത്തിക്കുന്നവരെ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ക്വാറന്റീന്‍ ചെയ്ത് വൈദ്യസഹായം ലഭ്യമാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.
യുഎഇയില്‍ കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് വിദേശകാര്യമന്ത്രിക്കും യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതിക്കും മുഖ്യമന്ത്രി പിണറായി വിജയനും കെഎംസിസി കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ് വരുത്തിയിട്ടില്ല. സന്ദര്‍ശക വിസയില്‍ എത്തിയവര്‍, യാത്രാ നിയന്ത്രണം കാരണം കുട്ടികള്‍ ഇന്ത്യയിലും മാതാപിതാക്കള്‍ യുഎഇയിലുമായി കഴിയേണ്ടി വരുന്നവര്‍, തുടര്‍ചികിത്സ ലഭ്യമാക്കാന്‍ ഇന്ത്യയില്‍ എത്തേണ്ടവര്‍, തൊഴിലും ഭക്ഷ്യവസ്തുക്കളും ഇല്ലാതെ ലേബര്‍ ക്യാമ്പുകളില്‍ തുടരേണ്ടിവരുന്നവര്‍ എന്നിവരെ നാട്ടില്‍ എത്തിക്കണമെന്ന് ഹര്‍ജിയില്‍ അഭ്യര്‍ത്ഥിക്കുന്നു.