ഓസ്ട്രിയയില്‍ ജനസംഖ്യയുടെ 0.33 ശതമാനം കൊറോണ പോസിറ്റീവ്: യൂറോപ്പിലെ ആദ്യ പഠനം
വിയന്ന: ഓസ്ട്രിയയിലെ നടത്തിയ സാമ്പിള്‍ പഠനമനുസരിച്ച് രാജ്യത്ത് 28,500 കൊറോണ ബാധിതരെങ്കിലും ഉണ്ടാകുമെന്നു ആരോഗ്യമന്ത്രാലയം. 1544 പേര്‍ പങ്കെടുത്ത സര്‍വ്വേയിലാണ് പുതിയ വെളിപ്പെടുത്തല്‍. ‘മഞ്ഞുമല പ്രതീക്ഷിച്ചതിലും വലുതാണ്.’ ഏപ്രില്‍ ആദ്യ വാരം സംഘടിപ്പിച്ച സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കിയ സോറ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഗുന്തര്‍ ഒഗ്രിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇത്തരത്തില്‍ ഒരു പഠനം സംഘടിപ്പിക്കുന്ന യൂറോപ്പിലെ ആദ്യ രാജ്യമാണ് ഓസ്ട്രിയ. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഓസ്ട്രിയന്‍ മാതൃകയെ അടിസ്ഥാനമാക്കി പഠനങ്ങള്‍ നടത്തുന്നത് നല്ലതാണെന്നു ശാസ്ത്രമേഖലയ്ക്ക് വേണ്ടിയുള്ള മന്ത്രി ഹൈന്‍സ് ഫാസ്മാന്‍ അഭിപ്രായപ്പെട്ടു. പഠനമനുസരിച്ചു ഇതുവരെ ഔദ്യോഗികമായി ടെസ്റ്റ് ചെയ്തവരിലും ഇരട്ടിയാണ് വൈറസ് ബാധിതരുടെ എണ്ണമെന്നാണ് പുതിയ പഠനം കാണിക്കുന്നത്. അതേസമയം ഏപ്രില്‍ 10ന് വൈകേന്നേരം ലഭിക്കുന്ന കണക്കുകള്‍ അനുസരിച്ചു രാജ്യത്ത് 13.520 പേര്‍ വൈറസ് ബാധിതരായിട്ടുണ്ട്. 319 പേര്‍ മരിക്കുകയും 6064 പേര്‍ സുഖംപ്രാപിച്ചതായും ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുണ്ട്.
കൊറോണ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചവരോ, രോഗബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരോ അല്ലെങ്കില്‍ അപകടസാധ്യതയുള്ള പ്രദേശത്തുനിന്നുള്ളവരോ മാത്രമാണ് സര്‍വ്വേയില്‍ പരിശോധന നടത്തിയത്. വൈറസ് പ്രതിരോധശേഷി കൈവരിച്ചവരെ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയില്ല.
റെഡ് ക്രോസ്, വിയന്ന മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സോറയാണ് ശാസ്ത്ര മന്ത്രാലയത്തിന് വേണ്ടി പഠനം നടത്തിയത്. പൊതു ടെലിഫോണ്‍ ഡയറക്ടറികളില്‍ നിന്ന് റാന്‍ഡമായിട്ടാണ് ടെസ്റ്റിങിനായി സാമ്പിള്‍ തിരഞ്ഞെടുത്തത്. ക്രമരഹിതമായി തീരഞ്ഞെടുത്ത നമ്പറുകള്‍ കമ്പ്യൂട്ടര്‍ വിളിക്കുകയും സാമ്പിളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഒരു ഫെഡറല്‍ സ്റ്റേറ്റില്‍ പഠനത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ദേശീയ ജനസംഖ്യയുടെ അനുപാതവുമായി കൃത്യമായി യോജിപ്പിച്ചായിരുന്നു സാമ്പിള്‍ ശേഖരണം.
അതേസമയം ഈസ്റ്ററിനുശേഷം നടപടികള്‍ ലഘൂകരിക്കുന്നതില്‍ മാറ്റമൊന്നുമില്ല. എന്നാല്‍ തുടര്‍ന്നും വൈറസ് വ്യാപനം കര്‍ശനമായി നിരീക്ഷിക്കും. ”രണ്ടാമതും കൊറോണ വ്യാപനം ഉണ്ടാകുമോയെന്നത് അന്താരാഷ്ട്ര സാഹചര്യത്തെ കൂടി ആശ്രയിച്ചിരിക്കും” മന്ത്രി മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ ആദ്യവാരം മുതല്‍ സുഖം പ്രാപിച്ച ആളുകളുടെ എണ്ണം പുതുതായി രോഗബാധിച്ചവരെ അപേക്ഷിച്ച് കൂടുതലാണ്.
റെഡ് ക്രോസുമായി സഹകരിച്ച് സ്റ്റാറ്റിസ്റ്റിക്‌സ് ഓസ്ട്രിയ കൂടുതല്‍ സര്‍വേകളും പരിശോധനകളും നടത്തും. വ്യക്തികള്‍ക്ക് അടുത്ത ആഴ്ച മുതല്‍ വിവരങ്ങള്‍ അറിയിച്ചു കത്ത് ലഭിക്കും കൂടാതെ ഒരു ഓണ്‍ലൈന്‍ ചോദ്യാവലി പൂരിപ്പിക്കേണ്ടതായി വരും. സാമ്പിളുകള്‍ ഏപ്രില്‍ 21നും 25നും ഇടയില്‍ വീട്ടിലോ റെഡ്‌ക്രോസ് ഡ്രൈവ് ഇന്‍ ടെസ്റ്റ് സ്റ്റേഷനിലോ നടക്കും. സര്‍വേയുടെ ഫലങ്ങള്‍ ഏപ്രില്‍ അവസാനം വീണ്ടും ലഭ്യമാകും.