കാഴ്ച്ച കുറഞ്ഞു തുടങ്ങി എന്ന് അമിതാഭ് ബച്ചന്‍
തന്റെ ആരോഗ്യ നിലയിലെ ആശങ്കകള്‍ പങ്കുവച്ച് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലൂടെയാണ് ബച്ചന്‍ നിലവിലെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചിരിക്കുന്നത്.
‘മങ്ങിയ കാഴ്ചകളാണ് ഇപ്പോള്‍ കാണുന്നത്. പലപ്പോഴും കാഴ്ചകള്‍ ഇരട്ടിക്കുന്നതായും അനുഭവപ്പെടുന്നു. എന്നെ പിടികൂടിയിരിക്കുന്ന നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പുറമേ അന്ധതയും ബാധിച്ചു തുടങ്ങിയെന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് ഞാനിപ്പോള്‍. അതേസമയം കണ്ണിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ തോന്നുമ്പോള്‍ കുട്ടിക്കാലത്ത് അമ്മ ചെയ്ത് തരാറുണ്ടായിരുന്ന പൊടിക്കൈകള്‍ ഇപ്പോഴും ചെയ്യാറുണ്ട്.” ബച്ചന്‍ പറയുന്നു.
കുട്ടിക്കാലത്ത് അമ്മ സാരിത്തലപ്പ് ചെറുതായി ചുരുട്ടി ചൂടാക്കി കണ്ണില്‍ വെച്ചുതരുമ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും അതുപോലെ ചൂടുവെള്ളത്തില്‍ ടവല്‍ മുക്കി കണ്ണില്‍ വെക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും ബച്ചന്‍ പറഞ്ഞു. തന്നെ അന്ധത ബാധിച്ചു തുടങ്ങിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കുന്നുണ്ടെന്നും മരുന്നുകള്‍ കണ്ണിലൊഴിക്കുന്നുണ്ടെന്നും 77 കാരനായ ബച്ചന്‍ പറയുന്നു.