കൊറോണ പ്രതിരോധം ; ആരോഗ്യപ്രവര്‍ത്തകരെ പരിശീലിപ്പിക്കാന്‍ ഇന്ത്യന്‍ സംഘം കുവൈറ്റില്‍
ഇന്ത്യയുടെ കൊവിഡ് ദ്രുത പരിശോധനയും, ചികിത്സാ രീതികളും കുവൈറ്റിലെ ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിക്കാന്‍ ചികിത്സയില്‍ പ്രാവീണ്യമുള്ള 15 ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമടങ്ങുന്ന സംഘം കുവൈറ്റിലെത്തി. രണ്ടാഴ്ചക്കാലത്തേക്കാണ് വിദഗ്ധ സംഘം കുവൈറ്റിലെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി യുമായി കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ക്ക് സാബാ അല്‍ ഖലീദ് അല്‍ ഹമദ് അല്‍ സാബാ നടത്തിയ ചര്‍ച്ചയിലാണ് വിദഗ്ധ സംഘത്തെ നിയോഗിക്കാന്‍ തീരുമാനമായത്.ഇതിനു പിന്നാലെ നടന്ന വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ ചികിത്സാരംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണയായി.
ചരിത്രപരമായും സാംസ്‌കാരികമായും സാമ്പത്തികമായും ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സഹകരണത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. 10 ലക്ഷത്തോളം പ്രവാസികള്‍ കുവൈറ്റിലുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ പൂര്‍ണ്ണ പിന്തുണയും സഹായവും കുവൈറ്റിന് നല്‍കാന്‍ ഇന്ത്യ എല്ലാ ശ്രമവും നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് വിദഗ്ധ സംഘത്തെ അയച്ചത്.നേരത്തെ കുവൈറ്റിലെ പ്രവാസികള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക് വിദേശകാര്യ മന്ത്രാലയം ആരംഭിച്ചിരുന്നു.