ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടും ; ചില മേഖലകള്‍ക്ക് ഇളവ്

കൊറോണ വൈറസ് ഭീതി കാരണം നടപ്പിലാക്കിയ ലോക്ക് ഡൌണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. വൈറസ് വ്യാപനം പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ അറിയിച്ചു. അതേസമയം ചില മേഖലകള്‍ക്ക് ഇളവ് നല്‍കുവാന്‍ സാധ്യതയുണ്ട്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും നേരത്തെ തന്നെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കേരളം ആവശ്യപ്പെട്ടത് ഒറ്റയടിക്ക് ലോക്ക് ഡൌണ്‍ പിന്‍വലിക്കരുത്, ഘട്ടം ഘട്ടമായി മതിയെന്നായിരുന്നു.

21 ദിവസത്തെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14നാണ് അവസാനിക്കേണ്ടിയിരുന്നത്. ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കൂടിക്കാഴ്ച നടത്തിയത്. ലോക്ക് ഡൗണ്‍ പിന്‍വലിക്കുകയാണെങ്കില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സംസ്ഥാനങ്ങള്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതികള്‍ രൂപികരിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഒഡീഷയും പഞ്ചാബും ലോക്ക് ഡൗണ്‍ നീട്ടുന്നതായി നേരത്തെ തന്നെ പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന സമൂഹവ്യാപന ഭീഷണിയടക്കം ചൂണ്ടിക്കാട്ടിയാണ് ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യം ആന്ധ്രയും തെലങ്കാനയും മുന്നോട്ടുവെച്ചത്. ഒന്ന് രണ്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒഴികെ ബാക്കി എല്ലാ സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നു.