വിദേശത്ത് ദുരിതമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗല്‍ സെല്‍ സുപ്രീം കോടതിയില്‍

കുവൈറ്റ്: കോവിഡ്-19 വ്യാപനം മൂലം വിദേശത്ത് ദുരിതമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജ്ജി സമര്‍പ്പിച്ചു.

ദുരിതം അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് പുറമെ കേന്ദ്ര ആരോഗ്യ മന്ത്രലയത്തിന്റെ കീഴില്‍ ഓണ്‍ലൈനായി ഡോക്ടര്‍മാരുടെ കണ്‍സള്‍റ്റേഷനും കൗണ്‍സിലിംഗും വെബ് പോര്‍ട്ടല്‍ സംവിധാനം അടിയന്തിരമായി ഉണ്ടാകണമെന്നും ഹര്‍ജ്ജിയില്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ എംബസികളുടെയും ഹൈകമ്മീഷനുകളുടെയും നേതൃത്വത്തില്‍ രോഗലക്ഷണങ്ങള്‍ അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ സമയബന്ധിതമായ വൈദ്യപരിശോധനക്ക് വിധേയമാക്കുക, ഭക്ഷണം, മരുന്നുകള്‍, വെള്ളം മറ്റ് അവശ്യ സാധനങ്ങള്‍ അടിയന്തരമായി ലഭ്യമാക്കുക, ആളുകള്‍ തിങ്ങി പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ നിന്നും തൊഴിലാളികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുക ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഹര്‍ജ്ജിയില്‍ ആവശ്യപ്പെടുന്നു. രോഗം ബാധിച്ച പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും ഹര്‍ജ്ജിയില്‍ പറയുന്നു.

ഇതേ ആവശ്യം അറിയിച്ചു പ്രവാസി ലീഗല്‍ സെല്ലും, മുഖ്യമന്ത്രിയും മറ്റ് പാര്‍ലമെന്റ് അംഗങ്ങളും പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്ത് അയച്ചിരുനെങ്കിലും കാര്യമായ നടപടികള്‍ ഒന്നും തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് പ്രവാസി ലീഗല്‍ സെല്‍ സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജ്ജി സമര്‍പ്പിക്കുകയും അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. പ്രവാസികള്‍ക്ക് അനുകൂല നിലപാടുകള്‍ ബന്ധപ്പെട്ടവരില്‍ നിന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡണ്ട് ബാബു ഫ്രാന്‍സീസും, ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫനും പത്രക്കുറിപ്പില്‍ അറിയിച്ചു.