ഇന്ത്യയില്‍ നിന്നും ബ്രിട്ടനില്‍ കയറ്റി അയച്ചത് മുപ്പത് ലക്ഷം പാരസെറ്റമോള്‍; നന്ദി അറിയിച്ച് ബ്രിട്ടണ്‍
ഇന്ത്യയില്‍ നിന്ന് 30 ലക്ഷം പാരസെറ്റാമോളുകളുടെ ആദ്യ ബാച്ച് നാളെ ലണ്ടനിലെത്തും. നിരോധനമേര്‍പ്പെടുത്തിയ ശേഷം കയറ്റുമതിക്ക് അനുമതി നല്‍കിയതിന് ബ്രിട്ടണ്‍ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചിട്ടുണ്ട്. കൊവിഡിനെതിരെ ഇന്ത്യയും ബ്രിട്ടണും ഒന്നിച്ച് പോരാടും. ലോകം മുഴുവന്‍ പ്രതിസന്ധി നേരിടുമ്പോള്‍ രണ്ട് രാജ്യങ്ങളും സഹകരിച്ച് മുന്‍പോട്ട് പോകുന്നതിന് തെളിവാണ് ഈ കയറ്റുമതിയെന്ന് കോമണ്‍വെല്‍ത്ത്, ദക്ഷിണേഷ്യ സഹമന്ത്രി താരിഖ് അഹമ്മദ് അഭിപ്രായം രേഖപ്പെടുത്തി.
കയറ്റുമതി ഏര്‍പ്പെടുത്തിയതിന് ഇന്ത്യന്‍ സര്‍ക്കാരിനോട് അദ്ദേഹം രാജ്യത്തിന് വേണ്ടി നന്ദി അറിയിച്ചു. ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് വേണ്ടി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. അതിനായി ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരുമായും വിദേശകാര്യ മന്ത്രാലയവുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അഹമ്മദ് വ്യക്തമാക്കി.
21,000ല്‍ അധികം ബ്രിട്ടീഷ് പൗരന്മാര്‍ ഇന്ത്യയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.19 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ആരോഗ്യം പരിശോധിച്ചതിന് ശേഷം വിമാനത്തില്‍ പ്രവേശിപ്പിക്കുന്ന യാത്രക്കാരെ ബ്രിട്ടനില്‍ എത്തിയ ശേഷവും പരിശോധിക്കും.
നേരത്തെ ഹൈഡ്രോക്സി ക്ലോറോക്വിന്‍ കയറ്റുമതി ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മഹാന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. മലേരിയയ്ക്ക് ഉപയോഗിക്കുന്ന ഈ മരുന്ന് കൊവിഡ് രോഗികളിലും ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നുണ്ട്. മരുന്ന് കയറ്റുമതി ചെയ്തതിന് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സനാരോ ലക്ഷ്മണന് സഞ്ജീവനി കൊണ്ടുവന്ന ഹനുമാനായും ഇന്ത്യയെ ഉപമിച്ചു. ലോക രാഷ്ട്രങ്ങള്‍ പലതും ഇന്ത്യക്ക് നന്ദി അറിയിച്ചു രംഗത്ത് വരികയാണ് ഇപ്പോള്‍.