അര്‍ബുദരോഗിയായ ഭാര്യയെ ആശുപത്രിയില്‍ എത്തിക്കാന്‍ 65 കാരന്‍ സൈക്കിള്‍ ചവിട്ടിയത് 130 കിലോമീറ്റര്‍

അര്‍ബുദരോഗിയായ ഭാര്യയെ ആശുപത്രിയില്‍ എത്തിക്കാന്‍ 65 കാരന്‍ സൈക്കിള്‍ ചവിട്ടിയത് 130 കിലോമീറ്റര്‍. പുതുച്ചേരിയിലുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ കുംഭകോണം ജില്ലയിലെ ദിവസ വേതന തൊഴിലാളിയായ അറിവഴകന്‍ ആണ് 130 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയത് . സൈക്കിളില്‍ പിന്നിലിരുന്ന ഭാര്യ വീണ് പോകാത്തിരികാന്‍ ഒരു കയര്‍ കൊണ്ട് ഭാര്യയെ തന്റെ ശരീരത്തോട് ചേര്‍ത്ത് കെട്ടുകയും ചെയ്തു അയാള്‍.

മാര്‍ച്ച് 31 ന് രാവിലെ 4.45 ന് യാത്ര തിരിച്ച ഇവര്‍ വെറും രണ്ട് മണിക്കൂര്‍ മാത്രമാണ് വിശ്രമിക്കാന്‍ എടുത്തത് രാത്രി 10.15 ന് ആശുപത്രിയില്‍ എത്തുകയും ചെയ്തു.കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ കണക്കിലെടുത്ത് ആശുപത്രിയില്‍ ഒപി വിഭാഗവും റീജിയണല്‍ കാന്‍സര്‍ സെന്ററും അടച്ചിരുന്നു.

എന്നാല്‍ ഇത്രയും കഷ്ടപെട്ട് ആശുപത്രിയില്‍ എത്തിയ ഇവരെ സഹായിക്കുന്നതിന് ആശുപത്രി അധികൃതര്‍ തയ്യാറാവുകയായിരുന്നു. ആശുപത്രി ജീവനക്കാര്‍ ഇവര്‍ക്ക് ഒരു മാസത്തെക്കുള്ള മരുന്നുകള്‍ നല്‍കുകയും വീട്ടിലേക്ക് മടങ്ങുന്നതിനായി ആംബുലന്‍സ് ഏര്‍പെടുത്തുകയും പണം ശേഖരിച്ച് നല്‍കുകയും ചെയ്തു. ആ ദമ്പതികളുടെ സ്‌നേഹത്തിനും സഹനത്തിനും പോരാട്ടത്തിനും ഒക്കെ ഉദാഹരണമായി മാറി ഈ സൈക്കിള്‍ യാത്ര.