കൊറോണ ; ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രി വിട്ടു

കൊറോണ വൈറസ് ബാധ കാരണം ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു. ഡൗണിങ് സ്ട്രീറ്റ് വക്താവാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി രോഗമുക്തനായി ആശുപത്രി വിട്ട വാര്‍ത്ത സ്ഥിരീകരിച്ചത്. രോഗമുക്തനായെങ്കിലും ആരോഗ്യവാനാകുന്നതുവരെ ബോറിസ് അദ്ദേഹത്തിന്റെ വസതിയായ ചെക്കേഴ്‌സില്‍ വിശ്രമിക്കുമെന്നും വക്താവ് അറിയിച്ചു.

ഒരാഴ്ചയായി ബോറിസ് ജോണ്‍സണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മൂന്നുദിവസം അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബോറിസ് ജോണ്‍സണ്‍ നന്ദി അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ബോറിസ് ജോണ്‍സനെ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ച്ചയായി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി 55 കാരനായ ബോറിസ് ജോണ്‍സനെ ഞായറാഴ്ചയാണ് സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് സ്ഥിരീകരിച്ച് 10 ദിവസത്തിനു ശേഷമാണ് ബോറിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

മാര്‍ച്ച് 27 നാണ് ബോറിസ് ജോണ്‍സണ്‍ തനിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ഔദ്യോഗികമായി അറിയിച്ചത്. ഇതിനു ശേഷം ഡൗണിംഗ് സ്ട്രീറ്റിലെ ഫ്‌ളാറ്റില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.