പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകരില്‍ നിന്നും ആക്രമം നേരിട്ട പെണ്‍കുട്ടിയെ കേസില്‍ കുടുക്കി കേരളാ പോലീസ്

പത്തനംതിട്ട കോന്നി തണ്ണിത്തോട് കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കെതിരെയും കേസെടുത്ത് കേരളാ പൊലീസ്. ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ചു എന്ന് പറഞ്ഞാണ് പെണ്‍കുട്ടിക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടിന്‍മേലാണ് കേസെടുത്തത്. വീടാക്രമിച്ച കേസില്‍ ഉള്‍പ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയതിനെതിരെ പെണ്‍കുട്ടി നിരാഹാരം അനുഷ്ഠിച്ചുവരികയായിരുന്നു. അതിനിടെയാണ് പകര്‍ച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓര്‍ഡിനന്‍സ് എന്ന പേരില്‍ പോലീസ് കേസെടുത്തത്.

കോയമ്പത്തൂരില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി ലോക്ക് ഡൌണിന് മുമ്പ് വീട്ടിലെത്തിയതുമുതല്‍ ക്വാറന്റൈനിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നുവെന്ന പ്രചാരണം വാട്‌സാപ്പ് ഗ്രൂപ്പുകളിലുണ്ടായി. പെണ്‍കുട്ടിയുടെ പിതാവിനെതിരെ വധഭീഷണിയുമുണ്ടായിരുന്നു. ഇതിനെതിരെ പെണ്‍കുട്ടിയും കുടുംബവും ഏപ്രില്‍ ഏഴിന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തൊട്ടുപിന്നാലെ രാത്രി എട്ടുമണിയോടെയാണ് പെണ്‍കുട്ടിയുടെ വീട് ആക്രമിക്കപ്പെട്ടത്.

അതിന് പിന്നാലെ സംഭവത്തില്‍ ആറ് സിപിഎം അംഗങ്ങള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രതികള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയതെന്ന് ആരോപിച്ച് പെണ്‍കുട്ടി രംഗത്തെത്തുകയായിരുന്നു. അതിനിടെയാണ് ക്വാറന്റൈന്‍ ലംഘിച്ചുവെന്ന കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ആദ്യം മുതല്‍ക്ക് പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് പോലീസ് സ്വീകരിച്ചത്. അതുപോലെ ഭരണപക്ഷത്തുള്ളവരെ തൊടാന്‍ പോലീസിനു ഇപ്പോഴും ഭയം ഉണ്ട് എന്നും അതുപോലെ പോലീസിലെ വിധേയത്വം വെളിവക്കുന്നതും കൂടിയാണ് ഈ സംഭവം. അതിന്റെ ഉത്തമ ഉദാഹരണമാണ് നീതിക്ക് വേണ്ടി പോരാടിയ പെണ്‍കുട്ടിക്ക് എതിരെ പ്രതികാരനടപടി പോലീസ് സ്വീകരിച്ചത്.