ലോക് ഡൌണ്‍ ലംഘിച്ചത് തടഞ്ഞു ; യാത്രക്കാര്‍ പോലീസിന്റെ കൈ വെട്ടി
പഞ്ചാബിലെ പട്യാലയില്‍ ഇന്ന് രാവിലെ 6:15 ഓടെയായിരുന്നു സംഭവം. ആയുധധാരികളായ അഞ്ചംഗ സംഘമാണ് പൊലീസിന് നേരെ ആക്രമണം നടത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മാണ്ഡിയില്‍ വെച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ തടയുകയും കര്‍ഫ്യൂ ആയതിനാല്‍ യാത്രക്ക് ആവശ്യമായ പാസ് ചോദിക്കുകയും ചെയ്തതോടെയാണ് ഇവര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൈയ്ക്ക് വെട്ടേല്‍ക്കുകയും മറ്റ് മൂന്നു പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിറ്റുണ്ട്. വാളുകൊണ്ടുള്ള വെട്ടേറ്റ് പൊലീസുകാരന്റെ കൈപ്പത്തി അറ്റുവെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തെ രാജേന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു.
‘നിഹംഗ്’ എന്ന സിഖ് വിഭാഗമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സൂചന. ആക്രമണത്തിന് ശേഷം സംഘം കടന്നു കളഞ്ഞു. ശേഷം ഒരു ഗുരുദ്വാരയില്‍ നിന്ന് ഏഴ് പേരെ അറസ്റ്റ് ചെയ്തതായിട്ടാണ് വിവരം.