ചരിത്രത്തിലാദ്യമായി അമേരിക്കയില്‍ എല്ലാ സംസ്ഥാനങ്ങളും ദുരന്ത ബാധിതമായി പ്രഖ്യാപിച്ചു
പി പി ചെറിയാന്‍
വാഷിംങ്ടണ്‍: ചരിത്രത്തിലാദ്യമായി അമേരിക്കയിലെ അന്‍പതു സംസ്ഥാനങ്ങളേയും ദുരന്ത മേഖലകളായി ട്രമ്പ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരും മരണ സംഖ്യയുമുള്ള രാജ്യമായി അമേരിക്ക മാറിയതിനെ തുടര്‍ന്നാണ് ഏപ്രില്‍ 11ശനിയാഴ്ച ട്രമ്പ് ഈ നടപടി സ്വീകരിച്ചത്.
വായൊമിങ് സംസ്ഥാനമാണ് ഏറ്റവുമൊടുവില്‍ ദുരന്തമേഖലയായി പ്രഖ്യാപിക്കപ്പെട്ടത്. മാര്‍ച്ച് 20ന് കൊറോണയുടെ അമേരിക്കയിലെ ഹോട്ട് സ്പോട്ടായി മാറിയ ന്യൂയോര്‍ക്കിനെയാണ് ആദ്യം ദുരന്തബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചത്. അമ്പത് സംസ്ഥാനങ്ങളുള്ള അമേരിക്കയില്‍ ആദ്യത്തേത് അംഗീകരിച്ച് 22 ദിവസത്തിനുശേഷമാണ് ഏറ്റവുമൊടുവില്‍ വയോ മിംഗിലും പ്രഖ്യാപനം നിലവില്‍ വന്നത്.
50 സംസ്ഥാനങ്ങള്‍ക്ക് പുറമേ, വാഷിംഗ്ടണ്‍ ഡി.സി, പ്യൂര്‍ട്ടോ റിക്കോ, ഗ്വാം, നോര്‍ത്തേണ്‍ മരിയാന ദ്വീപുകള്‍, യുഎസ് വിര്‍ജിന്‍ ദ്വീപുകള്‍ എന്നിവയെയും ദുരന്ത മേഖലകളായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു യുഎസിലെ വലിയ പ്രദേശമായ അമേരിക്കന്‍ സമോവയില്‍ മാത്രമാണ് ദുരന്ത പ്രഖ്യാപനത്തിന് കീഴില്‍ വരാത്തത്.
രണ്ടു ദിവസത്തിനിടെ 3350ഓളം പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ, രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ നേരത്തെ തന്നെ മുന്നിലായിരുന്ന അമേരിക്ക മരണസംഖ്യയില്‍ ഇറ്റലിയെയും മറികടന്നു. ഇതുവരെ 20,064 പേരാണ് അമേരിക്കയില്‍ മരിച്ചത്. 5,21,714 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 28,580 പേര്‍ രോഗത്തെ അതിജീവിച്ചു. 4,73,070 പേര്‍ ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയിലാണ്. സ്പെയിനില്‍ ഇതുവരെ 1,61,852 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണം 16,353. ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചവര്‍ 1,52,271. മരണം 19,468.
കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 1317 പേരാണ് മരിച്ചത്. 18,838 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തി. കഴിഞ്ഞദിവസം 2035 പേര്‍ മരിച്ചപ്പോള്‍ 33,752 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിച്ച് ഒരുദിവസം 2000ല്‍ അധികം ആളുകള്‍ മരിക്കുന്ന ഏക രാജ്യവും അമേരിക്കയാണ്.